ഗ്രേസ് മാർക്ക് ഒഴിവാക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: ഇത്തവണ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകേണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശത്തിനെതിരെ ഹൈകോടതിയിൽ ഹരജി. എൻ.സി.സി, സ്കൗട്ട്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, നാഷനൽ സർവിസ് സ്‌കീം തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിക്കുന്നതിനെതിരെ കോഴിക്കോട് മുക്കം സ്വദേശിയായ 10ാം ക്ലാസ് വിദ്യാർഥി ഫസീഹ് റഹ്മാനാണ് ഹരജി നൽകിയത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ 2021ലെ രാജ്യ പുരസ്കാർ നേടിയ 115 വിദ്യാർഥികളിലൊരാളാണ് ഹരജിക്കാരൻ.
കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ പൂട്ടിയിട്ടിരിക്കുന്നതിനാൽ എൻ.സി.സി, സ്കൗട്ട് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു നിർദേശം നൽകിയതെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഈ നിഗമനം അടിസ്ഥാനരഹിതമാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ അധികൃതരുമായി ചേർന്ന് ഇൗ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. സ്കൂളുകൾ പ്രവർത്തിച്ചിരുന്നില്ലെന്ന കാരണത്താൽ ഗ്രേസ് മാർക്ക് നിഷേധിക്കരുത്.
പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിന് ഹരജിക്കാരൻ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. നിവേദനം പരിഗണിക്കാൻ നിർദേശിക്കണമെന്നും ഗ്രേസ് മാർക്കിെൻറ കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ എസ്.എസ്.എൽ.സി പരീക്ഷാഫല പ്രഖ്യാപനം തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.