സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്ന ഹരജി തള്ളി
text_fieldsകൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി ഹൈകോടതി തള്ളി. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകൾ അന്വേഷിക്കാൻ സർക്കാറിനോടും ഡി.ജി.പിയോടും നിർദേശിക്കണമെന്നുമാവശ്യപ്പെട്ട് ‘ആകാശത്തിന് താഴെ’ സിനിമ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ തള്ളിയത്. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഹരജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.
ഹരജിക്കാരന്‍റെ സിനിമയും സംവിധായകൻ വിനയന്‍റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രവും അവാർഡ് നിർണയത്തിന് സമർപ്പിച്ചിരുന്നെങ്കിലും തഴയപ്പെട്ടതായി ഹരജിയിൽ ആരോപിച്ചിരുന്നു. ജൂറിയുടെ തീരുമാനങ്ങളിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ വിനയൻ സർക്കാറിന് തെളിവുകൾ സഹിതം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അക്കാദമി ചെയർമാൻ അവാർഡ് നിർണയത്തിൽ ഇടപെട്ടുവെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അവാർഡ് നിർണയത്തിൽ തന്‍റെ സിനിമക്ക് നഷ്ടമുണ്ടായെന്ന് ഹരജിക്കാരൻ പറയുന്നില്ലെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി. ചലച്ചിത്ര അവാർഡിന് എൻട്രി സമർപ്പിച്ച നിർമാതാവ് അവാർഡ് നിർണയത്തിനെതിരെ പരാതി ഉന്നയിച്ചിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഹരജിക്കാരന്‍റെ ചിത്രം പ്രാഥമിക വിലയിരുത്തലിൽ മറ്റൊരു സബ് കമ്മിറ്റിയാണ് ഒഴിവാക്കിയത്. രഞ്ജിത്ത് ഇടപെട്ടിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു. തുടർന്ന് ഹരജി പിൻവലിക്കാൻ ഹരജിക്കാരന് അനുമതി നൽകിയെങ്കിലും തയാറാകാതിരുന്നതിനെ തുടർന്നാണ് തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.