ചട്ടം മറികടന്ന് നിയമന നീക്കം; വൈദ്യുതി റെഗുലേറ്ററി കമീഷൻ അഭിമുഖം റദ്ദാക്കണമെന്ന് ഹരജി
text_fieldsകൊച്ചി: ചട്ടം മറികടന്ന് കേരള വൈദ്യുതി റെഗുലേറ്ററി കമീഷൻ ടെക്നിക്കൽ അംഗത്തെ നിയമിക്കാനുള്ള നീക്കത്തിനെതിരെ ഹൈകോടതിയിൽ ഹരജി. നിയമനം തടയാൻ ഏപ്രിൽ 23ന് നടത്താൻ നിശ്ചയിച്ച ഓൺലൈൻ മുഖാമുഖം റദ്ദാക്കണമെന്ന ആവശ്യമടക്കം ഉന്നയിച്ച് കേരള ഹൈടെൻഷൻ ആൻഡ് എക്സ്ട്ര ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ, അപേക്ഷകനായ എറണാകുളം സ്വദേശി ജോർജ് തോമസ് എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്.
കെ.എസ്.ഇ.ബിയിൽ ചീഫ് എൻജിനീയറുടെ ചുമതല വഹിച്ചിരുന്ന മുൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബി. പ്രദീപിനെ ചട്ടം മറികടന്ന് ടെക്നിക്കൽ അംഗമായി നിയമിക്കാനുള്ള നീക്കമാണിതെന്ന് ഹരജിയിൽ ആരോപിക്കുന്നു. 2016 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 15വരെ പ്രദീപ് ചീഫ് എൻജിനീയറുടെ ചുമതല വഹിച്ചിരുന്നപ്പോൾ വിവിധ ആവശ്യങ്ങളുന്നയിച്ച് ബോർഡ് സമർപ്പിച്ച അപേക്ഷകൾ കമീഷന്റെ മുന്നിലുണ്ട്. ടെക്നിക്കൽ അംഗം കൂടി അടങ്ങിയ കമീഷനാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. കെ.എസ്.ഇ.ബി ജീവനക്കാരനെ അംഗമായി നിയമിക്കുന്നത് കമീഷന്റെ ലക്ഷ്യംതന്നെ ഇല്ലാതാക്കും. 2020 ഏപ്രിൽ 28ന് നിലവിൽവന്ന ഒഴിവിലേക്ക് 2021 ഫെബ്രുവരി 22നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതുപോലും പ്രദീപിനെ നിയമിക്കാനായിരുന്നുവെന്ന് ഹരജിയിൽ ആരോപിക്കുന്നു.
റെഗുലേറ്ററി കമീഷൻ അംഗമായി നിയമിക്കാൻ 95 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 60 വയസ്സിന് മുകളിലുള്ളവരെ അഭിമുഖത്തിന് ക്ഷണിച്ചിട്ടില്ല. 65 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ നിയമം അനുവദിക്കുമ്പോൾ അവരെ ഒഴിവാക്കുന്നത് തെറ്റാണ്. 60 വയസ്സ് കഴിഞ്ഞിട്ടില്ലെങ്കിലും ഹരജിക്കാരനായ ജോർജ് തോമസിനെ അഭിമുഖത്തിന് ക്ഷണിച്ചിട്ടില്ല. അഭിമുഖ നടപടികൾ സ്റ്റേ ചെയ്യുക, അഭിമുഖത്തിന് വിളിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കുക തുടങ്ങിയ ഇടക്കാല ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.