‘തങ്കമണി’ സിനിമയിൽനിന്ന് ബലാത്സംഗ രംഗങ്ങൾ ഒഴിവാക്കണമെന്ന് തങ്കമണി സ്വദേശിയുടെ ഹരജി
text_fieldsകൊച്ചി: ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിക്കുന്ന ‘തങ്കമണി’ സിനിമയിൽനിന്ന് സാങ്കൽപിക ബലാത്സംഗ രംഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയുടെ ഹരജി. അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി, യഥാർഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന് കാട്ടി തങ്കമണി സ്വദേശി വി.ആർ വിജുവാണ് ഹരജി നൽകിയിരിക്കുന്നത്. നാട്ടിലെ പുരുഷന്മാർ വയലിൽ ഒളിഞ്ഞിരിക്കുന്നതും സ്ത്രീകളെ പൊലീസ് മാനംഭംഗപ്പെടുത്തുന്നതും ടീസറിൽ കാണുന്നുണ്ട്. തങ്കമണിയിൽ അന്ന് ഇത്തരം സംഭവമുണ്ടായതായി തെളിവില്ല.
അയഥാർഥമായ സംഭവങ്ങൾ കാണിക്കുന്നത് തങ്കമണി ഗ്രാമവാസികളെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താനിടയാക്കും. പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും മറ്റൊരാളുടെ കാലുകൾ നഷ്ടമായതുമാണ് യാഥാർഥ്യം. വിദ്യാർഥികളും സ്വകാര്യ ബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. ഇതല്ലാതെ മറ്റ് മാനങ്ങൾ നൽകിയുള്ള ചിത്രീകരണം തങ്കമണിയിലെ ഗ്രാമീണരോടുള്ള വിവേചനമാണെന്നും ഇത് മൗലികാവകാശ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.
കേന്ദ്ര സെൻസർ ബോർഡ്, നിർമാതാക്കളായ സൂപ്പർഗുഡ് ഫിലിംസ്, നായകൻ ദിലീപ്, സംവിധായകൻ രതീഷ് രഘുനാഥൻ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.