എ.ഡി.ജി.പി: പരാതികൾ വിജിലൻസിന് കൈമാറി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി പരാതികളും സസ്പെൻഷനിലുള്ള എസ്.പി സുജിത്ദാസിനെതിരായ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കലുൾപ്പെടെ പരാതികളും തെളിവുകളും പൊലീസ് ആസ്ഥാനത്തുനിന്ന് വിജിലൻസിന് കൈമാറി. അജിത്കുമാറിനെതിരായ പരാതികൾ അന്വേഷിക്കാനുള്ള വിജിലൻസ് സംഘത്തെ ബുധനാഴ്ച തീരുമാനിക്കും.
അവധിയിലായിരുന്ന വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത ശനിയാഴ്ച തലസ്ഥാനത്തെത്തും. ഓണത്തോടനുബന്ധിച്ച് ഓഫിസ് അവധിയായതിനാലാണ് അന്വേഷണസംഘത്തെ നിശ്ചയിക്കുന്നത് നീളുന്നത്. കവടിയാറിൽ കൊട്ടാരസമാനമായ മാളിക പണിയുന്നതടക്കം സാമ്പത്തിക ആരോപണങ്ങൾ എറണാകുളം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷിക്കുക. അജിത്തിനെതിരായ പരാതികളിൽ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ സർക്കാറിന്റെ അനുമതി തേടിയിരുന്നു. സാമ്പത്തിക ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബും ശിപാർശ ചെയ്തു. ഇതോടെ, വിജിലൻസ് അന്വേഷണത്തിന് കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പ് അനുമതി നൽകുകയായിരുന്നു.
സുജിത്ദാസിനെതിരായ ആരോപണങ്ങൾ തിരുവനന്തപുരം ഒന്നാം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് എസ്.പി കെ.എൽ. ജോൺകുട്ടി അന്വേഷിക്കും. പിടികൂടുന്ന കള്ളക്കടത്ത് സ്വർണം ഉരുക്കി കോടികളുണ്ടാക്കി, പ്രതികളിൽനിന്ന് പണം വാങ്ങി, മലപ്പുറം എസ്.പിയായിരിക്കെ ഓഫിസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചുകടത്തി തുടങ്ങിയ ആരോപണങ്ങളാണ് സംഘം അന്വേഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.