‘കേരള സ്റ്റോറി’ക്കെതിരെ ഹൈകോടതിയിൽ വീണ്ടും ഹരജികൾ; അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം അനുവദിച്ചില്ല
text_fieldsകൊച്ചി: വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ വ്യാഴാഴ്ചയും ഹരജികളെത്തി. മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയുമാണ് പുതുതായി ഹരജി സമർപ്പിച്ചത്. അതേസമയം, സിനിമയുടെ പ്രദർശനം തടയണമെന്ന ഹരജികൾ സ്പെഷൽ സിറ്റിങ് നടത്തി വ്യാഴാഴ്ച അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് കോടതി പ്രവർത്തിക്കാത്ത വ്യാഴാഴ്ച പ്രത്യേക സിറ്റിങ് ആവശ്യമുന്നയിച്ച് ഹരജിക്കാരിയായ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് തമന്ന സുൽത്താന രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്. എന്നാൽ, ഇതിൽ തുടർ നടപടിയുണ്ടായില്ല.
ഹരജികൾ വെള്ളിയാഴ്ച ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ പരിഗണനക്കെത്തും. പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വി.ആർ. അനൂപ്, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി എന്നിവർ നൽകിയ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.
സിനിമ കാണാതെ ടീസറിന്റെ മാത്രം അടിസ്ഥാനത്തിൽ ചിത്രത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾ പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസം കോടതി സ്വീകരിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടി വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു.
പ്രദർശനം തടയണമെന്നും സിനിമയുടെ നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവർക്കെതിരെ മതവിശ്വാസത്തെ അവഹേളിച്ചതടക്കമുള്ള കുറ്റങ്ങൾക്ക് സ്വമേധയ കേസെടുക്കണമെന്നുമാണ് മുസ്ലിം ലീഗ് സെക്രട്ടേറിയറ്റംഗം സി. ശ്യാംസുന്ദർ നൽകിയ ഹരജിയിലെ ആവശ്യം. സൗഹാർദം നിലനിൽക്കുന്ന കേരളത്തിൽ സംഘർഷം ലക്ഷ്യമിടുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണ് സിനിമയെന്നാണ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.വി. മുഹമ്മദ് റസാഖ് സമർപ്പിച്ച ഹരജിയിൽ പറയുന്നത്. റിലീസിങ് തടയണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.