പൊലീസിന് നേരെ പെട്രോൾ ബോംബേറ്; ഒരാളെ നാട്ടുകാർ പിടികൂടിയത് സാഹസികമായി
text_fieldsകൊട്ടാരക്കര: പെട്രോൾ പമ്പിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ പ്രതികളെ തേടിയെത്തിയ പൊലീസ് സംഘത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ആക്രമണം. പ്രതികളിലൊരാളെ പൊലീസ് തന്നെ സാഹസികമായി പിടികൂടിയപ്പോൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ടാമനെ നാട്ടുകാർ പിന്തുടർന്ന് അതിസാഹസികമായി പിടികൂടി. പൂയപ്പള്ളി പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്.
പുനലൂർ ഷാജി സദനത്തിൽ റിജോമോനെയാണ് (23) പൊലീസ് സ്ഥലത്തുനിന്ന് പിടികൂടിയത്. ചാത്തന്നൂർ മീനാട് താഴം സുറുമി മൻസിലിൽ ഷാജഹാനെയാണ് (26) നാട്ടുകാർ സാഹസികമായി പിടികൂടി പൂയപ്പള്ളി പൊലീസിൽ ഏൽപ്പിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കൊട്ടാരക്കര ചന്തമുക്കിന് സമീപത്തെ പെട്രോൾ പമ്പിൽ കാറിൽ പെട്രോൾ നിറച്ച രണ്ടു യുവാക്കൾ പണമിടപാടുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ ജീവനക്കാരിയുടെ മുഖത്തടിച്ചു. ഉടൻ ഇവർ കാറിൽ കയറി രക്ഷപ്പെട്ടു. ജീവനക്കാരി വിവരം കൊട്ടാരക്കര പൊലീസിനെ അറിയിച്ചു. പ്രതികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ച പൊലീസ് സി.സി ടി.വി ദൃശ്യം വഴി കാർ നമ്പർ കണ്ടെത്തി ഉടമയെ മനസ്സിലാക്കി. പുത്തൂർ കരിമ്പുഴയിലുള്ള കാർ ഉടമ ഗൾഫിലാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഉടമയുടെ അനിയൻ കാർ വാടകക്ക് കൊടുത്തിരുന്നു. മൂന്നുപേരുടെ കൈമറിഞ്ഞാണ് പ്രതികൾക്ക് കാർ ലഭിച്ചത്. ഈ മൂന്നു പേരെയും ചോദ്യം ചെയ്താണ് പ്രതികളുടെ നമ്പർ മനസ്സിലാക്കി ഇവരിലേക്ക് എത്തിയത്. പൂയപ്പള്ളി മേഖലയിലേക്ക് പ്രതികൾ വരുന്ന വിവരം കൊട്ടാരക്കര പൊലീസ് അറിയിച്ചതോടെ രാത്രി 12ഓടെ ഓടനാവട്ടം പരുത്തിയറയിൽ വെച്ച് പൂയപ്പള്ളി പൊലീസ് സാഹസികമായി കാർ തടഞ്ഞു.
കാറിൽനിന്ന് ഷാജഹാൻ പെട്രോൾ ബോംബുമായി പുറത്തിറങ്ങി പൊലീസിന്റെ നേരെ എറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. പരിക്കേൽക്കാതെ പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന റിജോമോനെ പൊലീസ് സാഹസികമായി പിടികൂടി. കസ്റ്റഡിയിൽ എടുത്തകാറിൽനിന്ന് രണ്ട് പെട്രോൾ ബോംബും അതുണ്ടാക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളും ലഭിച്ചു. ഷാജഹാൻ പരുത്തിയറയിലെ കനാൽ ഭാഗത്ത് രാത്രി മുഴുവൻ ഒളിച്ചിരുന്നു.
പൊലീസുകാർക്കൊപ്പം നാട്ടുകാരും അന്വേഷണം ആരംഭിച്ചെങ്കിലും രാത്രിയിൽ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ 6.30ഓടെ പ്രദേശത്ത് ട്യൂഷന് പോകാൻ വന്ന കുട്ടിയോട് ബസ് കൂലി ഷാജഹാൻ ആവശ്യപ്പെട്ടു.
കാശില്ലെന്ന് പറഞ്ഞ കുട്ടിയെ പെട്രോൾ ബോംബ് എറിയുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടി കാശ് നൽകിയതിനു പിന്നാലെ നാട്ടുകാരോട് വിവരം പറഞ്ഞു. തുടർന്ന് നാട്ടുകാർ ബസ് പിന്തുടർന്ന് മീയണ്ണൂർ ഭാഗത്ത് വെച്ച് തടഞ്ഞ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. റിജോമോനെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും ഷാജഹാനെ പൂയപ്പള്ളി സ്റ്റേഷനിലും എത്തിച്ചു.
ഇരുവർക്കും രണ്ട് പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ്, മോഷണം എന്നീ കേസുകൾ നിലവിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.