തീ നൂറ്
text_fieldsമലപ്പുറം: ഒടുവിൽ അത് സംഭവിച്ചു. ആർക്കും ഒട്ടും സന്തോഷം നൽകാത്തൊരു 'സെഞ്ച്വറി' തികക്കൽ. ദുരിതജീവിതത്തിലേക്ക് തീ കോരിയിട്ട് പ്രീമിയം പെട്രോളിന് പുറമെ സാദാ പെട്രോളിനും വില 100 കടന്നു. ജില്ലയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ലിറ്ററിന് 100 രൂപയിലധികം നൽകിയാണ് ജനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്നിറങ്ങിയത്. ചിലയിടങ്ങളിൽ 99ന് മീതെ നിൽക്കുന്നു. കമ്പനി വ്യത്യാസവും ഇന്ധനം എത്തിക്കാനുള്ള ദൂരവുമാണ് വിലയിൽ നേരിയ മാറ്റത്തിന് കാരണം. അവശേഷിക്കുന്ന സ്ഥലങ്ങളിലും ഇന്നോ നാളെയോ നൂറ് കടക്കും.
പെരിന്തൽമണ്ണ, നിലമ്പൂർ നഗരങ്ങളിലും വഴിക്കടവ്, എടക്കര തുടങ്ങിയിടങ്ങളിലുമെല്ലാം മൂന്നക്കത്തിലാണ് പെട്രോൾ വിലയിപ്പോൾ. 100.10, 100.03 ഇങ്ങനെയൊക്കെയാണ് ആണ് നിലമ്പൂർ മേഖലയിൽ വില. കമ്പനി വ്യത്യാസം കാരണം നഗരത്തിൽ 99.90 രൂപക്കും ലഭിക്കുന്നുണ്ട്. പെരിന്തൽമണ്ണ ഊട്ടി റോഡിൽ 100.18, 99.98 എന്നിങ്ങനെ ചെറിയ വ്യത്യാസം. മലപ്പുറത്ത് 99.65, 99.72 തുടങ്ങിയ വിലകളിൽ നിൽക്കുന്നു. മഞ്ചേരിയിൽ 99.90ത്തിൽ വരെ എത്തിയിട്ടുണ്ട്. ലിറ്ററിന് 99.44 രൂപക്കാണ് കൊണ്ടോട്ടിയിൽ പെട്രോൾ കിട്ടുന്നത്. തിരൂരിൽ 99.70ലും 99.73ലുമൊക്കെയെത്തി. പൊന്നാനിയിൽ മിക്ക പമ്പുകളിലും 99.80 രൂപയാണ്.
ഗുണമേന്മ ഇല്ല
ജനങ്ങൾക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടു. പെട്രോൾ ലിറ്ററിന് 100 രൂപ കടന്നിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ആർക്കും ഒരനക്കവും ഇല്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നികുതിയുടെ കാര്യം പറഞ്ഞ് ജനങ്ങളെ പിഴിയുന്നു. രണ്ട് കൂട്ടരും നികുതി കൂട്ടാനല്ലാതെ കുറക്കാൻ തയാറാവുന്നില്ല. 100 രൂപക്ക് അടിക്കുമ്പോഴും മതിയായ ഗുണമേന്മ പെട്രോളിന് ഇല്ല. ജനങ്ങൾ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങണം.
അടുത്ത തവണ സൈക്കിളിൽ കാണാം'
മലപ്പുറം കോട്ടപ്പടിയിലെ പെട്രോൾ പമ്പിൽ ബൈക്കിലെത്തിയ സുഹൃത്തുക്കൾ നിതിൻ മോഹനും റമീസ് അഹമ്മദിനും വില നൂറാവാൻ എന്തേ വൈകുന്നു എന്നായിരുന്നു സംശയം. 50 രൂപക്ക് ലിറ്റർ പെട്രോൾ തരുമെന്നായിരുന്നല്ലോ പലരുടെയും പ്രഖ്യാപനം. ലിറ്റർ എന്നത് അര ലിറ്ററെന്നാക്കിയാൽ ശരിയാവും. കോവിഡ് വരുത്തിവെച്ച പ്രതിസന്ധികളിൽ ജനം ജീവനും ജീവിതവും നിലനിർത്താൻ നെട്ടോട്ടമോടുമ്പോഴാണ് ഭരണാധികാരികൾ അടിക്കടി ഇന്ധനവിലയും കൂട്ടുന്നതെന്ന് യഥാക്രമം മക്കരപ്പറമ്പ് കുറുവ സ്വദേശികളായ നിതിനും റമീസും പറയുന്നു. അവശ്യസാധനങ്ങളുടെയും നിർമാണ സാമഗ്രികളുടെയും വിലയും ഇരട്ടിയായി. ജോലിയും കൂലിയുമില്ലാതെ ആളുകൾ നെട്ടോട്ടമോടുന്നു. അടുത്ത തവണ സൈക്കിളിൽ കാണാം എന്ന് പറഞ്ഞാണ് ഇരുവരും മടങ്ങിയത്.
ബാക്കിയാവുന്നത്നെട്ടോട്ടം
ഇന്ധന വില റെക്കോഡുകൾ ഭേദിച്ച് കുതിക്കുമ്പോൾ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. മാസങ്ങൾക്കു മുമ്പ് ഓട്ടോ റിക്ഷയിൽ 200 രൂപക്ക് ഡീസലടിച്ചാൽ 800 രൂപക്ക് വരെ ട്രിപ് ഓടാമായിരുന്ന സ്ഥാനത്ത് ഇന്ന് 600 രൂപയാണ് കിട്ടുന്നത്. കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ ഓട്ടം കുറഞ്ഞു. അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെങ്കിൽ ജീവിതം മുന്നോട്ട് പോവുന്നത് ദുഷ്കരമായിരിക്കുകയാണ്.
നികുതി കുറക്കാനെങ്കിലും മനസ്സ് കാണിക്കണം
പെരിന്തൽമണ്ണയിൽ ഇന്നലെ ഇന്ധനം നിറക്കാൻ എത്തിയപ്പോൾ പെട്രോൾ വില 100 രൂപ കവിഞ്ഞിട്ടുണ്ട്.
100.18 രൂപയാണ് വില. സാധാരണക്കാരൻ കുത്തുപാള എടുക്കുന്ന സ്ഥിതി വരാൻ പോകുന്നു. വിപണിയിൽ നിത്യോപയോഗ വസ്തുക്കൾക്ക് ഇനിയും വില കൂടും.
ഒറ്റ ജി.എസ് ടിയിലേക്ക് ഇന്ധന വ്യാപാരം കൊണ്ടുവന്നാൽ 65 രൂപക്ക് വരെ പെട്രോൾ വിൽക്കാം എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കുത്തക മുതലാളിമാർക്ക് തടിച്ചു കൊഴുക്കാൻ കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നു. നികുതി കുറക്കാൻ എങ്കിലും സംസ്ഥാനം മനസ്സ് കാണിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.