തീപിടിച്ച് എണ്ണവില; ഇടപെടാതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ
text_fieldsകൊച്ചി: ജനജീവിതം ദുരിതത്തിലാക്കി ഇന്ധനവില സർവകാല റെക്കോഡിലേക്ക് ഉയരുന്നു. ഡീസൽവില എക്കാലത്തെയും ഉയർന്ന നിലയിലെത്തി. പെട്രോൾവില കഴിഞ്ഞ മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. പ്രതിമാസം ശരാശരി ഒരു രൂപയിലധികം പെട്രോളിനും ഡീസലിനും വർധിച്ചിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെട്ടിട്ടില്ല.
ഏഴുമാസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒമ്പത് രൂപയോളം വർധിച്ചു. നിലവിൽ എട്ടുരൂപയുടെ അന്തരം മാത്രമേ ഇവക്കിടിയിലുള്ളൂ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നത് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ വില വർധനയെ ന്യായീകരിക്കുേമ്പാൾ ഇതിന് മൗനാനുവാദം നൽകുന്ന സമീപനമാണ് കേന്ദ്രസർക്കാറിേൻറത്. അസംസ്കൃത എണ്ണയുടെ വില ഉയരുന്നതിനനുസരിച്ച് ഇന്ധനവില ഉയർത്തുന്ന കമ്പനികൾ താഴുന്നതിന് ആനുപാതികമായി വില കുറക്കുന്നില്ല. ഇതുവഴി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ വൻനേട്ടമുണ്ടായതായി കമ്പനികളുടെ സാമ്പത്തികഫലങ്ങൾ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 75.12രൂപയും ഡീസലിന് 67.20 രൂപയുമായിരുന്നു വില. കഴിഞ്ഞ ജൂലൈയിൽ ഇത് യഥാക്രമം 66.93ഉം 58.28ഉം ആയിരുന്നു. രാജ്യത്ത് ഇന്ധനവില ഏറ്റവും ഉയർന്നുനിൽക്കുന്ന നഗരങ്ങളിലൊന്നായി തിരുവനന്തപുരം മാറി. 2018 അവസാനംവരെ ഉൽപാദനം വെട്ടിക്കുറക്കാനുള്ള എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെയും റഷ്യ അടക്കം മറ്റ് രാജ്യങ്ങളുടെയും തീരുമാനത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുകയാണ്. ബാരലിന് 69.35 ഡോളറാണ് ചൊവ്വാഴ്ച അസംസ്കൃത എണ്ണവില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.