ഇന്ധനവില വർധന: ദുരിത കാലത്ത് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ഇന്ത്യയിൽ ശക്തമാകുമ്പോഴും പെട്രോൾ, ഡീസൽ വിലയിൽ വൻവർധന വരുത്തി ജനങ്ങളെ കൊള്ളയടിച്ച് ലാഭം കണ്ടെത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ആറ് ദിവസത്തിനിടെ പെട്രോളിന് 3 രൂപ 26 പൈസയും ഡീസലിന് 3 രൂപ 32 പൈസയാണ് വർധിച്ചത്. ലോക്ഡൗൺ കാലത്ത് വിവിധ സന്ദർഭങ്ങളിലായി വൻതോതിൽ ആഗോള വിപണിയിൽ വില ഇടിവ് ഉണ്ടായിട്ടും ഇന്ത്യയിലെ എണ്ണകമ്പനികൾ വിലയിൽ കുറവ് വരുത്തിയിട്ടില്ല. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ച് വില കുറയാതിരിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്.
കോർപ്പറേറ്റുകളുടെ സുഖസൗകര്യങ്ങളന്വേഷിക്കൽ മാത്രമാണ് ബി.ജെ.പി ഭരണത്തിൽ നടക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും ദൈനംദിന ജീവിതത്തിന് വകയില്ലാതെയും വഴിമുട്ടുന്ന ജനങ്ങൾക്കുമേൽ വീണ്ടും ഭാരം കെട്ടിവെച്ച് ഫാസിസത്തിന്‍റെ തനിനിറം കാണിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.
മഹാമാരി ഇന്ത്യയിൽ വലിയതോതിൽ വർദ്ധിക്കുമ്പോഴും ആരോഗ്യ മേഖലയിൽ ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാർ എണ്ണകമ്പനികൾക്ക് വേണ്ടിയും കൊള്ളലാഭം കൊയ്യുന്നതിനു വേണ്ടിയും ജനങ്ങളുടെ മേൽ നടത്തുന്ന ഏകാധിപത്യത്തിനെതിരെ ജനാധിപത്യ സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ പട്ടിണിയിലേക്ക് തള്ളുന്ന കേന്ദ്ര സർക്കാറിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.