പൊള്ളും വിലയിൽ പെട്രോൾ
text_fieldsകൊച്ചി: അസംസ്കൃത എണ്ണവില വീപ്പക്ക് 70 ഡോളർ പിന്നിട്ടതോടെ രാജ്യത്ത് ഇന്ധനവില തൊട്ടാൽ പൊള്ളും നിലയിൽ. കേരളത്തിൽ പെട്രോൾ 95 രൂപ, ഡീസൽ 90 രൂപ എന്നിങ്ങനെ ചരിത്ര വിലയിലെത്തി. ജനം തൊഴിലും കൂലിയുമില്ലാതെ ദുരിതത്തിൽ കഴിയുേമ്പാഴും അടിസ്ഥാന വിലയുടെ മൂന്നിരട്ടി തുകക്ക് ഇന്ധനം വിറ്റ് ജനത്തെ പിഴിയുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളും എണ്ണക്കമ്പനികളും.
രാജ്യത്ത് മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 10.49 ശതമാനമായി വർധിച്ചിട്ടുണ്ട്. മാർച്ചിൽ ഇത് 7.39 ശതമാനമായിരുന്നു. മൊത്ത വിലക്കയറ്റം താമസിയാതെ ചില്ലറ വിലക്കയറ്റത്തിലേക്ക് നയിക്കും. ഇന്ധനവില നേരിട്ടും വ്യവസായിക ഘടകങ്ങളുടെ വിലവർധന പരോക്ഷമായുമാണ് ചില്ലറ വിലക്കയറ്റത്തിലേക്ക് ജനത്തെ തള്ളിയിടുക. അപ്പോഴും നികുതിഭാരം കുറച്ച് ഇന്ധന വിലയിൽ അൽപമെങ്കിലും ആശ്വാസം പകരാൻ സർക്കാറുകൾ തുനിയുന്നുപോലുമില്ല.
േമയ് 16ന് ഡൽഹിയിൽ വിൽക്കുന്ന ഒരു ലിറ്റർ പെട്രോളിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അടിസ്ഥാന വിലയായി നിശ്ചയിച്ചത് 34.19 രൂപയാണ്. കടത്തുകൂലി ഉൾപ്പെടെ ഡീലർമാരിലേക്ക് എത്തുേമ്പാൾ അത് 34.55 രൂപ. കേന്ദ്ര സർക്കാറിന് എക്സൈസ് നികുതിയായി ഒരു ലിറ്ററിന് 32.90, ഡീലർ കമീഷനായി 3.77 രൂപ, സംസ്ഥാന സർക്കാറിന് ലഭിക്കുന്ന വാറ്റ് ഇനത്തിൽ 21.36 രൂപ എന്നിങ്ങനെ കൂട്ടി ജനത്തിൽനിന്ന് വാങ്ങിയെടുക്കുന്നത് 92.58 രൂപയാണ്.
ഡീസൽ ലിറ്ററിന് അടിസ്ഥാന വില 36.32 രൂപ മാത്രം. കടത്തുകൂലി 33 പൈസ, എക്സൈസ് നികുതി 31.80 രൂപ, ഡീലർ കമീഷൻ 2.58 രൂപ, വാറ്റ് 12.19 രൂപ എന്നിങ്ങനെ ഉൾപ്പെടെ വിൽപന വില 83.22 രൂപയായി. കേന്ദ്രസർക്കാർ അടിസ്ഥാന എക്സൈസ് നികുതിയായി ലിറ്ററിന് 1.40 രൂപ, സ്പെഷൽ അഡീഷനൽ എക്സൈസ് നികുതിയായി 11 രൂപ, കാർഷിക, അടിസ്ഥാന സൗകര്യ വികസന സെസായി 2.50 പൈസ, റോഡ് ഇൻഫ്രാസ്ട്രക്ചർ അഡീഷനൽ എക്സൈസ് നികുതിയായി 18 രൂപ എന്നിങ്ങനെയാണ് നികുതി വലയിൽ ഉൾക്കൊള്ളിക്കുന്നത്.
കേരള സർക്കാർ പെട്രോളിന് അടിസ്ഥാന വിലയുടെ 30.08 ശതമാനം സെയിൽസ് ടാക്സും ലിറ്ററിന് ഒരുരൂപ വീതം അധിക സെയിൽസ് ടാക്സും ഒരു ശതമാനം സെസും ചുമത്തുന്നു. ഡീസലിന് ചുമത്തുന്നത് 22.76 ശതമാനം സെയിൽസ് ടാക്സും ഒരു രൂപ അധിക സെയിൽസ് ടാക്സും ഒരു ശതമാനം സെസും.
കഴിഞ്ഞ ഒരാഴ്ചക്കിടെ നാലുതവണയായി പെട്രോളിന് 1.05 രൂപയും ഡീസലിന് 1.21 രൂപയും വർധിച്ചു. അടുത്ത ദിവസങ്ങളിലും ഇന്ധനവിലയിൽ വർധനയാണ് സാധാരണക്കാരെ കാത്തിരിക്കുന്നതെന്നാണ് വിപണിയിലെ സൂചനകൾ.
നികുതിഭാരം ഇങ്ങനെ
(ലിറ്ററിന്) േമയ് 16 ഡൽഹി
പെട്രോൾ
അടിസ്ഥാന വില -34.19
കടത്തുകൂലി -0.36
എക്സൈസ് ഡ്യൂട്ടി (കേന്ദ്രം) -32.90
ഡീലർ കമീഷൻ (ശരാശരി) -3.77
വാറ്റ് (സംസ്ഥാനം) -21.36
ആകെ -92.58
ഡീസൽ
അടിസ്ഥാന വില -36.32
കടത്തുകൂലി -0.33
എക്സൈസ് ഡ്യൂട്ടി (കേന്ദ്രം) -31.80
ഡീലർ കമീഷൻ (ശരാശരി) -2.58
വാറ്റ് (സംസ്ഥാനം) -12.19
ആകെ -93.22
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.