പെട്രോൾ പമ്പിലെ കവർച്ച: മുൻ ജീവനക്കാരൻ പിടിയിൽ
text_fieldsകോഴിക്കോട്: മാവൂർ റോഡിൽ കോട്ടൂളിയിൽ മുഖംമൂടി ധരിച്ച് പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് അരലക്ഷം രൂപ കവർന്ന കേസിൽ മുൻ ജീവനക്കാരൻ പിടിയിൽ. മലപ്പുറം എടപ്പാളിനടുത്ത കാലടി സ്വദേശി സാദിഖാണ് (22) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വ്യാഴാഴ്ച പുലർച്ച ഒന്നരക്കാണ് കോട്ടൂളി നോബിൾ പെട്രോളിയംസിന്റെ ഓഫിസ് മുറിയിൽ പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്ന ജീവനക്കാരൻ മുഹമ്മദ് റാഫിയെ മുളകുപൊടിയെറിഞ്ഞ് കെട്ടിയിട്ടും കീഴ്പ്പെടുത്തിയും സാദിഖ് അരലക്ഷം രൂപ കവർന്നത്. ഡി.സി.പി ആമോസ് മാമന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശന്റെയും നാർക്കോട്ടിക് സെൽ എ.സി.പി എ.ജെ. ജോൺസന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ക്രിസ്ത്യൻ കോളജിന് സമീപമുള്ള താമസസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ചതിൽ 35000 രൂപയും കണ്ടെടുത്തു. വായ്പയെടുത്ത് 2.25 ലക്ഷത്തിന്റെ ബൈക്ക് വാങ്ങിയ സാദിഖിന് തിരിച്ചടക്കാൻ പണം ആവശ്യമായപ്പോഴാണ് മോഷണത്തിനിറങ്ങിയത്. 10000 രൂപ ബൈക്കിന്റയും 5000 രൂപ മൊബൈൽ ഫോണിന്റെയും വായ്പ തിരിച്ചടവിനായി ഉപയോഗിച്ചതായി പ്രതി മൊഴി നൽകി. 'ധൂം' അടക്കം ചില സിനിമകളിലെ കുറ്റകൃത്യങ്ങൾ സാദിഖിന് പ്രചോദനമായതായി ഡി.സി.പി ആമോസ് മാമൻ പറഞ്ഞു. പബ്ജി ഗെയിമിനും അടിമയാണ് പ്രതി. മെഡിക്കൽ കോളജ് പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തശേഷം കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അഞ്ചുമാസത്തോളം നോബിൾ പെട്രോളിയംസിൽ ജോലിക്കാരനായിരുന്ന പ്രതി മൂന്നാഴ്ച മുമ്പാണ് ജോലി അവസാനിപ്പിച്ചത്. ആദ്യമായി നടത്തിയ മോഷണമായിരുന്നു ഇതെന്ന് ഡി.സി.പി ആമോസ് മാമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പെട്രോൾ പമ്പുമായി മുൻപരിചയമുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് പ്രാഥമികാന്വേഷണത്തിൽതന്നെ സൂചന കിട്ടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ അതിസൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് സാദിഖാണ് മോഷ്ടാവെന്ന് വ്യക്തമായത്. സംഭവശേഷം സ്വന്തം നാടായ എടപ്പാളിലേക്ക് പോയിരുന്നു.
മറവഞ്ചേരി കാലടി സ്വദേശിയായ സാദിഖ് 13ാം വയസ്സിൽ നാടുവിട്ട് കോഴിക്കോട്ടെത്തിയതാണ്. ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.