പെട്ടിമുടി: പ്രതികൂല കാലാവസ്ഥയിലും തിരച്ചിൽ നാലാം ദിവസത്തിലേക്ക്
text_fieldsമൂന്നാർ: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് പെട്ടിമുടിയിൽ മൂന്നുദിവസമായി തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നത്. ഇടമുറിയാതെ പെയ്യുന്ന മഴ മാത്രമാണ് തിരച്ചിൽ ജോലിക്ക് വെല്ലുവിളി. എൻ.ഡി.ആർ.എഫ് സംഘവും വനം, പൊലീസ്, റവന്യൂ, അഗ്നിരക്ഷാേസനയും അക്ഷീണം തിരച്ചിൽ ജോലിയുമായി മുന്നോട്ടാണ്. സന്നദ്ധപ്രവർത്തകരുടെയും പ്രദേശവാസികളുടെയും സഹായവും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നു.
മന്ത്രിമാരടക്കമുള്ളവരും പ്രാദേശിക ഭരണകൂടങ്ങളും ഉദ്യോഗസ്ഥ പ്രതിനിധികളും ചേർന്ന് തിരച്ചിൽ ദൗത്യം ഏകോപിപ്പിക്കുന്നു. കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പിന് സമാനമായി തീർന്നിരിക്കുന്നു. ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് നീർച്ചാൽ രൂപപ്പെട്ടിട്ടുണ്ട്. രാജമലയിൽനിന്ന് പെട്ടിമുടിയിലേക്കുള്ള പാത തീർത്തും ദുർഘടമായി. പാതയിൽ നിരവധി ഇടത്ത് ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടാവുകയും പലയിടത്തും പാതയുടെ വിസ്താരം നഷ്ടപ്പെടുകയും ചെയ്തുകഴിഞ്ഞു.
നിരന്തരം രക്ഷാപ്രവർത്തന വാഹനങ്ങൾ സഞ്ചരിച്ച് പാത പലയിടത്തും ചളിക്കുണ്ടായി മാറിയിട്ടുണ്ട്. എക്സ്കവേറ്ററും ലോറിയുമടക്കം വലിയ വാഹനങ്ങൾ ഏറെ സാഹസപ്പെട്ടാണ് പെട്ടിമുടിയിലേക്ക് എത്തിക്കുന്നത്. ദുരന്തബാധിത മേഖലയിൽ ആകെ ലഭ്യമായിരുന്ന ബി.എസ്.എൻ.എൽ മൊബൈൽ സേവനത്തിെൻറ വ്യാപ്തി കൂട്ടിയത് ആശയവിനിമയ സംവിധാനത്തിന് കൂടുതൽ സഹായകരമായി.
രക്ഷാപ്രവർത്തകർ കൈമെയ് മറന്നാണ് തിരച്ചിൽ ജോലി മുന്നോട്ട് കൊണ്ടുപോകുന്നത്. വലിയ പാറക്കല്ലുകളും കെട്ടിടാവശിഷ്ടങ്ങളും തള്ളിനീക്കുമ്പോൾ പ്രതീക്ഷയുടെ കണ്ണുകളാണ് എല്ലാവരിലുമുള്ളത്. കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തുടർനടപടിക്കും പിന്നീട് സംസ്കാര ചടങ്ങുകൾക്കുമായി കൊണ്ടുപോകുമ്പോൾ ഉയരുന്ന വിതുമ്പലുകൾ ഇടക്കിടെ പെട്ടിമുടിയുടെ നിശ്ശബ്ദത മുറിക്കുന്നു. ഈ മഴക്കാലം പെട്ടിമുടി ഗ്രാമത്തിന് നെടുകെ തീർത്ത നീർച്ചാൽ വറ്റിയാലും ഉറ്റവരെ നഷ്ടമായവരുടെ കവിളിലെ കണ്ണീർച്ചാൽ ഉണങ്ങില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.