രക്ഷാപ്രവര്‍ത്തനം ദുഷ്കരം; ആറാംദിനം കണ്ടെത്തിയത് മൂന്ന് മൃതദേഹം
text_fieldsമൂന്നാര്‍: പ്രതികൂല കാലാവസ്ഥയിലും പെട്ടിമുടി അപകടത്തില്‍പെട്ട് മരിച്ച മൂന്ന് മൃതദേഹംകൂടി ബുധനാഴ്ച കണ്ടെത്തി. സുമതി (50), നാദിയ (12), ലക്ഷണശ്രീ (10) എന്നിവരുടെ മൃതദേഹങ്ങളാണ് കിലോമീറ്റര്‍ അകലെ ഗ്രേവല്‍ ബാങ്കിനുസമീപത്തെ പുഴയില്‍നിന്ന് കിട്ടിയത്.
രാവിലെ തിരച്ചില്‍ ആരംഭിക്കുമ്പോള്‍ മഴക്ക് അൽപം ശമനമുണ്ടായിരുന്നെങ്കിലും പിന്നീട് മഴ ശക്തമായി. ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 10 പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയിലെ തിരച്ചില്‍.മഴ പെയ്യുമ്പോള്‍ പുഴയിലെ ഒഴുക്ക് വര്‍ധിക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി.
ദേശീയ ദുരന്തനിവാരണ സേന അംഗങ്ങളോടൊപ്പം പ്രത്യേക പരിശീലനം ലഭിച്ച വളൻറിയര്‍മാരും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍. 55 മൃതദേഹമാണ് ഇതുവരെ കിട്ടിയത്. കണക്കുപ്രകാരം 13 മൃതദേഹംകൂടി കിട്ടാനുണ്ട്.
മുഴുവൻ മൃതദേഹങ്ങളും കണ്ടെടുക്കുക ശ്രമകരം
മൂന്നാര്‍: പെട്ടിമുടി അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നുണ്ടെങ്കിലും മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സാധ്യത മങ്ങുന്നു. ബുധനാഴ്ച മൂന്നു പേരെ കൂടി കണ്ടെത്തിയതോടെ 13 പേരെയെങ്കിലും ഇനിയും കിട്ടാനുണ്ട്. ഇത് 16 വരെയുമാകാം. കൂടുതൽ പേരും പുഴയിലെ ഒഴുക്കില്‍ പെട്ടിരിക്കാമെന്നും കുറച്ചുപേർ മണ്ണിൽതന്നെ ആഴത്തിൽ പൂണ്ടിരിക്കാമെന്നുമാണ് നിഗമനം. മൂന്നു ദിവസങ്ങളിലായി മൃതദേഹങ്ങളെല്ലാം കിലോമീറ്ററുകള്‍ അകലെ പുഴയില്‍നിന്നാണ് കിട്ടിയത്. മലയിടിഞ്ഞു വന്ന് ലയങ്ങളെ കവർന്നെടുത്ത് പുഴയിൽ പതിക്കുകയായിരുന്നു. അപകടം നടന്ന ദിവസം പ്രദേശത്ത് 62 സെൻറീമീറ്റര്‍ ലഭിച്ചുവെന്നാണ് കണക്ക്.
മരിച്ചവർക്ക് എസ്റ്റേറ്റുകൾതോറും സ്മരണാഞ്ജലി
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് യാത്രമൊഴി നല്കി മറ്റ് എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍. ഓരോയിടത്തും നടന്ന ചടങ്ങുകളില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ തിരിതെളിച്ച് പുഷ്പാര്‍ച്ച നടത്തി. എസ്റ്റേറ്റ് മാനേജര്‍മാരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. പുഷ്പാർച്ചനക്കിടെ പലരും വിതുമ്പി. സ്ത്രീ തൊഴിലാളികളിൽ പലരും പൊട്ടിക്കരഞ്ഞു. മലവെള്ളപ്പാച്ചലിനൊപ്പം വന്മല ഇടിഞ്ഞ് നാല് ലയങ്ങളില്‍ താമസിച്ചിരുന്ന 12 പേരൊഴികെ മറ്റെല്ലാവരും മരിച്ചു. ഒരു ഗ്രാമം തന്നെ ഇല്ലാതായി. ഇവരുടെ ബന്ധുക്കളടക്കം വിവിധ ലയങ്ങളില്‍ താമസിക്കുന്ന പതിനായിരത്തോളം തൊഴിലാളികളാണ് ദുഃഖത്തിൽ പങ്കുചേർന്നത്.
പെട്ടിമുടിക്ക് പുനരധിവാസ പാക്കേജ് ഉണ്ടാക്കും
തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിന് ഇരയായ മുഴുവൻ കുടുംബങ്ങൾക്കും പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ. പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്കും കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പ്രഖ്യാപിച്ച ധനസഹായത്തിനും അംഗീകാരം നൽകി. പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സ ചെലവിനുള്ള തുകയും കരിപ്പൂർ മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാ ചെലവിനുള്ള തുകയുമാണ് അനുവദിച്ചത്.
പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തെരച്ചിലും പൂർത്തിയായശേഷമായിരിക്കും പുനരധിവാസ പാക്കേജ്. നാശനഷ്ടത്തിെൻറ വിശദമായ കണക്കെടുക്കും. ജില്ലാ ഭരണകൂടത്തിെൻറ റിപ്പോർട്ട് കൂടി വാങ്ങി വിശദ ചർച്ചക്കുശേഷമാകും തീരുമാനം. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കും. ഇരയായവരുടെ കുടുംബങ്ങൾക്ക് വീട്, കുട്ടികളുടെ വിദ്യാഭ്യാസം അടക്കം പരിഗണിക്കും.
രക്ഷാപ്രവർത്തനത്തിനൊപ്പം കോവിഡ് പ്രതിരോധവും ശക്തമാക്കി
തിരുവനന്തപുരം: പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിനൊപ്പം കോവിഡ് പ്രതിരോധവും ശക്തമാക്കി. രക്ഷാപ്രവർത്തനത്തിനെത്തിയ എൻ.ഡി.ആർ.എഫ് സംഘത്തിലെ അംഗത്തിനും ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവർക്കും ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘത്തിൽപെട്ടയാൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേഖലയിൽ കോവിഡ് പരിശോധന ശക്തമാക്കിയത്. ആർക്കും എവിടെ നിന്നും കോവിഡ് വരാമെന്ന സാഹചര്യമാണ് നിലവിലെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗവർണറും മുഖ്യമന്ത്രിയും വ്യാഴാഴ്ച പെട്ടിമുടിയിൽ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിലെ ദുരന്തഭൂമി വ്യാഴാഴ്ച സന്ദർശിക്കും. ഹെലികോപ്ടറിൽ മൂന്നാർ ആനച്ചാലിലെത്തുന്ന ഇരുവരും അവിടെനിന്ന് റോഡ്മാർഗം പെട്ടിമുടിയിലെത്തും. ക്രമീകരണങ്ങൾക്ക് സർക്കാർ നിർദേശം നൽകി. കാലാവസ്ഥ അനുകൂലമെങ്കിൽ രാവിലെ ഒമ്പതിന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിക്കും.
ഒറ്റപ്പെട്ട കുട്ടികളെ സംരക്ഷിക്കണം –ബാലാവകാശ കമീഷൻ
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ വീടും മാതാപിതാക്കളെയും നഷ്ടപ്പെട്ട കുട്ടികൾക്ക് സംരക്ഷണവും പഠനം തുടരാനുള്ള സാഹചര്യവും ഒരുക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ ആവശ്യപ്പെട്ടു. കുട്ടികൾ സുരക്ഷിതരാണെന്നും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലഭരണകൂടം ഉറപ്പുവരുത്തണം. കുട്ടികളെക്കുറിച്ച വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് ജില്ല ശിശുസംരക്ഷണ ഓഫിസർ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.