പെട്ടിമുടി ദുരന്തം: നീറുന്ന ഓർമകളുമായി അവരെത്തി
text_fieldsമൂന്നാർ: അഞ്ചു മാസം മുമ്പ് ഇരുളിെൻറ മറവിൽ ഇരച്ചെത്തിയ ദുരന്തത്തിെൻറ നീറുന്ന ഓർമകൾ അവരിൽ വീണ്ടും തെളിഞ്ഞു. മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, മക്കളെ നഷ്ടപ്പെട്ടവർ, സഹോദരങ്ങളെ നഷ്ടപ്പെട്ടവർ, സുഹൃത്തുക്കളെ നഷ്ടപ്പെട്ടവർ... അങ്ങനെ ഉറ്റവരെ നഷ്ടമായ വേദന എത്ര മറച്ചിട്ടും അവരുടെ മുഖങ്ങളിൽ നിഴലിച്ചു. ധനസഹായം ഏറ്റുവാങ്ങവെ ഉണങ്ങാത്ത കണ്ണീർചാൽ പലരുടെയും മുഖങ്ങളിൽ തെളിഞ്ഞു നിൽക്കുന്നപോലെ.
മാതാപിതാക്കളെയും അനുജനെയും ദുരന്തം കവർന്ന നിർമലയാണ് ആദ്യം സഹായം ഏറ്റുവാങ്ങിയത്. 15 ദിവസം മുേമ്പ തമിഴ്നാട്ടിൽ നിന്നെത്തി കോവിഡ് നിരീക്ഷണവും കഴിഞ്ഞ ശേഷമാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഏറ്റുവാങ്ങാൻ നിർമല എത്തിയത്.
മകനെ ഉൾപ്പെടെ ഉറ്റവരായ 20 പേരെ ദുരന്തത്തിൽ നഷ്ടമായ ഷൺമുഖനാഥനും അച്ഛനെയും അമ്മയെയും നഷ്ടമായ മാളവികയുമെല്ലാം ഇനിയുമടങ്ങാത്ത തേങ്ങലുകളടക്കി ധനസഹായം ഏറ്റുവാങ്ങി മടങ്ങി. പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ അനന്തരാവകാശികൾ ധനസഹായ വിതരണം ക്രമീകരിച്ചിരുന്ന മൂന്നാർ പഞ്ചായത്ത് ഹാളിൽ വേറിട്ട കാഴ്ചയായിരുന്നു ഇത്.
പെട്ടിമുടിയിൽ സാധ്യമായ സഹായങ്ങൾ ചെയ്തു –മന്ത്രി
മൂന്നാർ: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാറിെൻറ ഭാഗത്തുനിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പെട്ടിമുടിയിലെ ഉരുൾെപാട്ടലിൽ ദുരന്തബാധിതർക്കുള്ള ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുനരധിവാസം വേഗത്തിലാക്കിയുള്ള പ്രവർത്തനം നടന്നുവരുകയാണ്. ദുരന്തമുണ്ടായപ്പോൾ ആധുനിക കാലഘട്ടത്തിെൻറ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.ജില്ല ഭരണകൂടവും താഴെയുള്ള എല്ലാ ഉദ്യോഗസ്ഥരും ഏകോപന മനസ്സോടെ പ്രവർത്തിെച്ചന്നും ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അധ്യക്ഷത വഹിച്ച മന്ത്രി എം.എം. മണി പറഞ്ഞു.
ദുരന്തത്തിനിരയായ ആദ്യത്തെ പത്ത് കുടുംബങ്ങൾക്ക് ധനസഹായം നൽകി. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചു രശീതി കൈമാറി. ഗസറ്റ് നോട്ടിഫിക്കേഷൻ വന്ന 39 പേരുടെ അവകാശികളായ 81 പേർക്കായി 1.95 കോടിയാണ് വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.