പൊട്ടിയൊഴുകുന്നു, കണ്ണീരോർമകൾ; കേരളം ഞെട്ടലോടെ കണ്ട പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്
text_fieldsകേരളം ഞെട്ടലോടെ കണ്ട പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. 2020 ആഗസ്റ്റ് ആറിന് രാത്രി മലമുകളിൽനിന്ന് ഇരച്ചെത്തിയ ഉരുൾ എസ്റ്റേറ്റിലെ ലയങ്ങൾക്ക് മേൽ വൻ ദുരന്തമായി പതിച്ചപ്പോൾ കുട്ടികളും സ്ത്രീകളുമടക്കം 70 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 12 പേർ ദുരന്തത്തെ അതിജീവിച്ചു. മണ്ണിലാണ്ട ലയങ്ങൾ നിന്നിടം ഇന്ന് കാടുമൂടി. ദുരന്ത ശേഷിപ്പുകൾക്ക് മുന്നിൽ ഇപ്പോഴും വിറങ്ങലിച്ചുനിൽക്കുന്ന പെട്ടിമുടിയുടെ ഒാർമകളിലൂടെ....
മറക്കില്ല, ആ കഷ്ടരാത്രി
തോരാ മഴക്കൊപ്പം ദുരന്തം പെയ്തിറങ്ങിയ രാവാണ് എസ്റ്റേറ്റ് സൂപ്പർവൈസറും ആദ്യ രക്ഷാപ്രവർത്തകനുമായ മേഘനാഥെൻറ ഒാർമകളിൽ പെട്ടിമുടി...
കനത്തമഴയും തണുപ്പും മൂലം രാത്രി പത്ത് മണിക്ക് മുമ്പുതന്നെ പെട്ടിമുടിയിലെ ലയങ്ങളിലുള്ളവരെല്ലാം ഉറക്കത്തിലേക്ക് വീണിരുന്നു. ആ സമയത്താണ് ഹെലികോപ്ടർ പറക്കുന്ന പോലെ ഒരു ശബ്ദം കേൾക്കുന്നത്. അൽപം കഴിഞ്ഞപ്പോൾ റോഡിന് മുകളിലുള്ള എട്ടുമുറി ലയത്തിലുള്ളവർ വന്ന് ലയങ്ങളിേലക്ക് കല്ലും ചളിയും ഒലിച്ച് ഇറങ്ങുന്നതായി പറഞ്ഞു. തുടർന്ന് ഞങ്ങളെല്ലാവരും താെഴയുള്ള ക്രഷിലേക്ക് പോയി. ക്രഷിന് അടുത്ത് എത്തിയപ്പോഴാണ് അപകടം കാണുന്നത്. നാല് ലയങ്ങളും ഒരു കാൻറീനും ഒരു ക്ലബും, സ്േറ്റാറും എല്ലാമിരുന്ന സ്ഥലം കൽക്കൂന ആയിരിക്കുന്നു. അഞ്ച് നിരകളിലായി ലയങ്ങൾ നിന്നിരുന്ന ഭാഗത്ത് ഒരു കെട്ടിടം മാത്രം. പാതിരാത്രി, വെളിച്ചം തരിപോലുമില്ല. കൂരിരുട്ടിൽ തൊട്ടടുത്ത് നടന്ന ദുരന്തത്തിെൻറ ആഴം പോലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
ചെറിയ വെളിച്ചം സംഘടിപ്പിച്ച് സുഹൃത്ത് ദുരൈയും ഞാനും ചേർന്ന് ആദ്യ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. രണ്ടു പേരെ വിവരം അറിയിക്കാൻ രാജമലയിലേക്ക് അയച്ചു. എന്നാൽ, അവർ ഉടൻതന്നെ തിരിച്ചെത്തി വഴിയിൽ മണ്ണിടിഞ്ഞ് വീഴുകയാണെന്നും പോകാൻ കഴിയുന്ന സാഹചര്യമല്ലെന്നും പറഞ്ഞു. പെട്ടിമുടിക്കും രാജമലയ്ക്കും ഇടയിൽ അന്നൊരു ദിവസം മാത്രം പത്തിടത്താണ് റോഡിൽ മണ്ണിടിഞ്ഞത്. ടെലിഫോണും ലഭിക്കുന്നില്ല. പുറത്തുനിന്നും ഒരു സഹായവും ലഭിക്കില്ലെന്ന് ഉറപ്പായതോടെ രാത്രിയിൽ തന്നെ പരമാവധി ആളുകളുടെ ജീവൻ രക്ഷിക്കാനായി ശ്രമം. നിലവിളികൾ കേൾക്കുന്ന ദിക്ക് നോക്കി നടന്നു. ഒരാൾ പൊക്കത്തിലധികം ആഴമുള്ള ചളിയിൽ രക്ഷാപ്രവർത്തകരിൽപലരും വീണതോടെ ഭയമായി. ആദ്യം കണ്ടെത്തിയത് മാലയമ്മാളിനെയും കുടുംബത്തെയുമായിരുന്നു. പിന്നീട് ദീപൻ ചക്രവർത്തി എന്ന യുവാവിനെ രക്ഷപ്പെടുത്തി. രാവിലെ ആറ് മണി ആയപ്പോഴേക്കും പളനിയമ്മ, സരസ്വതി, മുരുകേശ്വരി, ഗണേഷ് കുമാർ, കറുപ്പായി എന്നിവരെ രക്ഷപ്പെടുത്തി. ഇതിനിടെ തകർന്നു തുടങ്ങിയ വീടിെൻറ മേൽക്കൂരയിൽ രാത്രി ഒന്നര വരെ കയറിയിരുന്ന മുരുകേശനെയും രക്ഷപ്പെടുത്തി. നേരം പുലർന്നപ്പോഴാണ് ലക്ഷ്മി എന്ന സ്ത്രീയെ മണ്ണിനടിയിൽനിന്ന് കണ്ടെത്തുന്നത്. ശരീരം മുഴുവൻ കല്ലുകൾ വീണ് ഒടിഞ്ഞും ചതഞ്ഞും ബോധം നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു. പത്തോളം പേർ ചേർന്നാണ് ലക്ഷ്മിയെ പുറത്ത് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും മഴ തോരാതെ പെയ്തുകൊണ്ടേയിരുന്നു. രാവിലെ എട്ടുമണിമുതൽ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റ് രക്ഷാപ്രവർത്തകരും എത്തി. പക്ഷേ ഞങ്ങളെപ്പോലെ അവരും ആദ്യം നിസ്സഹായരായിരുന്നു. ഒരു ലോറിയെക്കാൾ വലുപ്പമുള്ള കല്ലും മൺ കൂനകളുമായിരുന്നു പ്രദേശം മുഴുവൻ. ഉച്ചയോടെ മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. എല്ലാ കാലക്കേടുകളും ഒരുമിച്ചുണ്ടായ ഒരു ദിനമായിരുന്നു അത്.
മൺമറഞ്ഞവരുെട ഓർമയിൽ രാജമലയിൽ സ്മാരകം
മൂന്നാർ: പെട്ടിമുടിയിൽ ജീവൻ പൊലിഞ്ഞവർക്ക് രാജമലയിൽ സ്മാരകം. അപകടത്തിൽ മരിച്ച 66പേർക്കുമുള്ള ശവകുടീരവും വലിയ സ്തൂപവും കണ്ണൻദേവൻ കമ്പനിയാണ് ഒരുക്കിയത്.ദുരന്തത്തിൽ മരിച്ചവരെ സമീപത്തെ മൈതാനത്താണ് അടക്കം ചെയ്തിരിക്കുന്നത്. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ഓരോരുത്തരുടെയും കുഴിമാടത്തിന് മുകളിൽ മരിച്ചയാളുടെ പേരും വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മാർബിൾ കൊണ്ട് നിർമിച്ചതാണ് ഓരോ ശവകുടീരവും.
മരിച്ചവരുടെ ബന്ധുക്കൾക്ക് പൂക്കൾ അർപ്പിക്കാനും പ്രാർഥിക്കാനുമുള്ള സൗകര്യവും ഇവിടെയുണ്ട്. ഇവരുടെ ഓർമകൾക്ക് ജീവൻ നൽകാൻ സ്മാരകവും ഉയർന്നു കഴിഞ്ഞു.
പെട്ടിമുടിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെ രാജമലയിലാണ് സ്മാരകവും കല്ലറകളും. മൂന്ന് തട്ടുകളിലായി നിർമിച്ച ശവകുടീരങ്ങൾ ഒന്നാം വാർഷിക ദിനത്തിൽ പ്രാർഥനക്കായി ബന്ധുക്കൾക്ക് തുറന്നു കൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.