കൊച്ചി വിടുകയല്ലാതെ വഴിയില്ല; മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും പറഞ്ഞില്ല -പി.എഫ് മാത്യൂസ്
text_fieldsകൊച്ചി: പത്താം ദിവസവും കൊച്ചി ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാനാകാതെ തുടരുമ്പോൾ ഈ ദുരിതത്തിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയരുകയാണ്. കൊച്ചി നിവാസികൾക്കൊപ്പം സിനിമാ താരങ്ങളും മറ്റു പ്രമുഖരുമെല്ലാം പ്രതിഷേധവുമായി രംഗത്തുവരികയാണ്. സമൂഹമാധ്യമങ്ങളിലും ഈ ദുരന്തത്തിനെതിരെ പ്രതിഷേധം പടരുന്നുണ്ട്. ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന താനിപ്പോൾ എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണെന്ന് പറയുകയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ്.
വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറിൽ നിന്ന് പക്ഷികൾ പറന്നകന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാൻ പോലും പറ്റില്ലെന്ന് അറിയാം. സി പി എമ്മിന്റെ സ്വന്തക്കാരും കോൺസുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങൾ തന്നെ പറയുന്നുണ്ട്. ഉത്തരവാദിത്വമുണ്ടെന്നു കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ ഞങ്ങളെ യഥാർത്ഥത്തിൽ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാർത്ഥമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇത്രയുമാകുമ്പോഴേക്കും സൈബർ ഗുണ്ടകൾ ചാവേറായി ഇങ്ങെത്തുമെന്നറിയാം. വരട്ടെ. എന്റെ പട്ടി പോലും ഇനി ഇവിടേക്കു തിരിഞ്ഞു നോക്കാൻ പോകുന്നില്ല.
പ്രിയമുള്ള കൊച്ചീക്കാരേ... ഇനിയീ മണ്ണിൽ പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ ഒരർത്ഥവുമില്ല.. ഇവിടം വിട്ടു പോകുക എന്നതല്ലാതെ മറ്റെന്തു വഴിയാണ് നമ്മുടെ മുന്നിലുള്ളത്... -പി.എഫ് മാത്യൂസ് കുറിച്ചു.
പി.എഫ് മാത്യൂസ് ഫേസ്ബുക്ക് പോസ്റ്റ്:
ഒരിക്കലും കൊച്ചി വിട്ടു പോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോൾ എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണ്. എന്നേപ്പോലെ അനേകം പേരുണ്ടെന്ന് അറിയാം. വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറിൽ നിന്ന് പക്ഷികൾ പറന്നകന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാൻ പോലും പറ്റില്ലെന്ന് അറിയാം. സി പി എമ്മിന്റെ സ്വന്തക്കാരും കോൺസുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങൾ തന്നെ പറയുന്നുണ്ട്. അതിൽ അതിശയമൊന്നുമില്ല. എത്രയോ വർഷങ്ങളായി ഞങ്ങൾ ഇതനുഭവിക്കുന്നു. പക്ഷെ ഇപ്പോഴും സ്വപ്നാ സുരേഷാണ് കേരളത്തിന്റെ മുഖ്യ പ്രശ്നമെന്ന മട്ടിലാണ് മാധ്യമങ്ങൾ. ഉത്തരവാദിത്വമുണ്ടെന്നു കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ ഞങ്ങളെ യഥാർത്ഥത്തിൽ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാർത്ഥമായി പറഞ്ഞിട്ടില്ല.
ഈ വിഷവാതകം ശ്വസിച്ച കുട്ടികളുടേയും ഗർഭിണികളുടേയും ആരോഗ്യം എങ്ങനെയാകുമെന്നറിയില്ല. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അറിയില്ല. ഒരാൾക്കും അതിൽ വേവലാതിയുമില്ല.
വർഷങ്ങൾക്കു മുമ്പ് മെട്രോ റെയിലിന്റെ ഉദ്ഘാടന മഹാമഹത്തിൽ ഇറക്കിയ ഒരു പത്രത്തിന്റെ സപ്ലിമെന്റിലേക്ക് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് കൊച്ചിക്ക് ഇപ്പോൾ വേണ്ടത് മികച്ച ഒരു മാലിന്യ സംസ്ക്കരണ സംവിധാനമാണ് എന്നാണ്. അന്നത്തെ ആഘോഷങ്ങൾക്കു ചേരാത്ത വാചകമായതിനാൽ അവരത് ഉപേക്ഷിച്ചു.
ഇന്നലെ വിദേശത്തു നിന്നു വിളിച്ച ചങ്ങാതിയോട് കൊച്ചി നൊസ്റ്റാൾജിയ കൊണ്ട് ഇങ്ങോട്ടു വരല്ലേ എന്നു പറഞ്ഞപ്പോൾ ഇനി കേരളത്തിലേക്കു തന്നെ വരുന്നില്ലെന്നാണ് പറഞ്ഞത്. പക്ഷികൾക്കു മുമ്പേ യുവാക്കൾ ഇവിടെ നിന്നു പറന്നകലാൻ തുടങ്ങിയിരുന്നു. അവർക്ക് എന്തു പ്രതീക്ഷയാണ് നമ്മൾ കൊടുത്തത്. ജനതയോട് സ്നേഹമോ സഹതാപമോ ഇല്ലാതെ ഭരിച്ചു നശിപ്പിച്ച രാഷ്ട്രീയക്കാരുള്ള ഈ നാട്ടിൽ നിന്നവർ ഓടി രക്ഷപ്പെടുകയാണ്. ഇടതിനേയും വലതിനേയും ദോഷം പറഞ്ഞു കൊണ്ട് കസേരയും നോക്കിയിരിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റു പാർട്ടി ഇന്ത്യൻ ജനതയെ കൈയ്യിലെടുത്തത് എങ്ങനെയാണെന്ന് ഇപ്പോൾ വളരെ നന്നായിട്ടു മനസ്സിലാകുന്നുണ്ട്. ഇത്രയുമാകുമ്പോഴേക്കും സൈബർ ഗുണ്ടകൾ ചാവേറായി ഇങ്ങെത്തുമെന്നറിയാം. വരട്ടെ. എന്റെ പട്ടി പോലും ഇനി ഇവിടേക്കു തിരിഞ്ഞു നോക്കാൻ പോകുന്നില്ല.
പ്രിയമുള്ള കൊച്ചീക്കാരേ... ഇനിയീ മണ്ണിൽ പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ ഒരർത്ഥവുമില്ല.. ഇവിടം വിട്ടു പോകുക എന്നതല്ലാതെ മറ്റെന്തു വഴിയാണ് നമ്മുടെ മുന്നിലുള്ളത്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.