മുതുകിൽ പി.എഫ്.ഐ എന്നെഴുതിയത് സൈനികൻ സ്വയം കെട്ടിച്ചമച്ച വ്യാജ കഥ!, ‘പ്രശസ്‍തനാകാൻ’ വഴിതേടിയെത്തിയത് കസ്റ്റഡിയിൽ
text_fieldsദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായ, കൊല്ലം കടയ്ക്കലിൽ സൈനികന്റെ മുതുകിൽ ‘പി.എഫ്.ഐ’ ചാപ്പ കുത്തിയെന്ന പരാതി വ്യാജം. പരാതി നൽകിയ സൈനികൻ ചാണപ്പാറ സ്വദേശി ഷൈൻകുമാർ, സുഹൃത്ത് ജോഷി എന്നിവരെ അറസ്റ്റ് ചെയ്തു. കലാപശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധനേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്നും ഇതിനായി അഞ്ച് മാസത്തെ ആസൂത്രണം പ്രതികള് നടത്തിയെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച അർധരാത്രിയോടെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകവെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തിയശേഷം മർദ്ദിക്കുകയും ഷർട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റ് കൊണ്ട് പി.എഫ്.ഐ. എന്നെഴുതുകയുമായിരുന്നെന്നാണ് ഷൈൻ പരാതിയിൽ പറഞ്ഞത്. എന്നാൽ, ഇത് സൈനികൻ തന്നെ തയാറാക്കിയ കഥയാണെന്നും സുഹൃത്താണ് മുതുകിൽ എഴുതിയതെന്നുമാണ് ഇപ്പോൾ തെളിഞ്ഞത്.
പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്‍റും ബ്രഷും കണ്ടെടുത്തിട്ടുണ്ട്. പ്രശസ്തനാകാനുള്ള ഷൈനിന്‍റെ ആഗ്രഹമാണ് വ്യാജ പരാതി നൽകാൻ കാരണമെന്ന് സുഹൃത്ത് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പൊലീസ് പറഞ്ഞു. സംഭവം ദേശീയ തലത്തിൽതന്നെ സംഘ്പരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. കേരളത്തിൽ സൈനികനെ ആക്രമിച്ച് ചാപ്പകുത്തിയെന്ന ‘വാർത്ത’ക്ക് ഉത്തരേന്ത്യൻ മാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്.
അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന സൈനികൻ ആക്രമണത്തിനിരയായെന്ന വാർത്ത ഇന്നലെയാണ് പ്രചരിച്ചത്. മുക്കടയിൽനിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബർ തോട്ടത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണമെന്നായിരുന്നു പറഞ്ഞിരുന്നത്.
തുടർന്ന് ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടെങ്കിലും ഷൈനിന് മർദനമേറ്റതായി പറയുന്ന സ്ഥലത്തുനിന്ന് യാതൊരു തെളിവും ലഭിച്ചില്ല. മാത്രമല്ല, ഷൈനിന്‍റെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് ഇന്നലെ തന്നെ പൊലീസ് അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും ആരോപിച്ചിരുന്നു.
ഈ സംഭവങ്ങൾക്കിടെ ഷൈനിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.