ഫൈസറിന്റെ ശാഖ കേരളത്തിലും ?; യു.എസിൽ പ്രാഥമിക ചർച്ച നടത്തി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോകകേരളസഭ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഫൈസർ സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ. രാജ മൻജിപുടി, ഡോ. കണ്ണൻ നടരാജൻ, ഡോ. സന്ദീപ് മേനോൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ചെന്നൈയിലെ ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ശാഖ കേരളത്തിൽ തുടങ്ങാൻ പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷണരംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെക്കുറിച്ച് ഫൈസർ ചോദിച്ചറിഞ്ഞു. ബയോടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയിൽ കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്നും ചർച്ച ചെയ്തു.
ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള താൽപര്യവും ഫൈസർ പ്രതിനിധികൾ പങ്കുവെച്ചു. സെപ്റ്റംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥ പ്രതിനിധി സംഘം സംസ്ഥാനം സന്ദർശിക്കും.
ചീഫ് സെക്രട്ടറി വി.പി. ജോയി, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഡോ. ജോൺ ബ്രിട്ടാസ് എം.പി, ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, സ്നേഹിൽ കുമാർ സിങ്, സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.