പി.ജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു; ഒ.പി, വാർഡ് ബഹിഷ്കരണം തുടരും
text_fieldsതിരുവനന്തപുരം: പി.ജി ഡോക്ടർമാർ നടത്തിവരുന്ന സമരം ഭാഗികമായി പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഭാഗികമായി പിൻവലിച്ചത്. കാഷ്വാലിറ്റി, ലേബർ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളിൽ പി.ജി ഡോക്ടർമാർ ജോലിക്ക് കയറും. എന്നാൽ, ഒ.പി, വാർഡ് ബഹിഷ്കരണം തുടരും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സമരം ഭാഗികമായി പിൻവലിക്കാൻ പി.ജി ഡോക്ടർമാരുടെ അസോസിയേഷൻ തീരുമാനിച്ചത്.
പി.ജി ഡോക്ടർമാരുടെ സ്റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്‍റെ എതിർപ്പ് ഉന്നയിക്കുന്നത്. പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപ്പന്‍ഡ് വര്‍ധന ഇപ്പോള്‍ സാധ്യമല്ലെന്നാണ് സർക്കാറിന്‍റെ നിലപാട്. എന്നാൽ, ആരോഗ്യമന്ത്രിയുമായി ഇന്നലെ നടന്ന ചർച്ചയിലെ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം ഭാഗികമായി പിൻവലിച്ചത്.
പി.ജി ഡോക്ടർമാരുടെ പണിമുടക്കിനെത്തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റുന്ന സാഹചര്യമുണ്ടായിരുന്നു. കൂടാതെ വാർഡുകളിൽ കഴിയുന്ന രോഗികൾക്കും ഒ.പിയിലെത്തുന്ന രോഗികൾക്കും ബുദ്ധിമുട്ടുണ്ടായി. സീനിയർ ഡോക്ടർ മാത്രമാണ് ഒ.പികളിലും വാർഡുകളിലും രോഗീപരിചരണം നടത്തുന്നത്. സാധാരണ രീതിയിൽ സീനിയർ ഡോക്ടർമാരുടെ നിർദേശപ്രകാരമോ സാന്നിധ്യത്തിലോ പി.ജി ഡോക്ടർമാർ ചെയ്തുകൊണ്ടിരുന്ന ഡ്യൂട്ടികളായിരുന്നു ഇത്. സമരംമൂലം മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും മാറ്റിെവക്കാൻ തുടങ്ങിയിരുന്നു.
പി.ജി ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു. റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കും. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കും.പി ജി വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ എഴുതി നൽകാൻ ഒരു മാസത്തെ സമയമാണ് സംഘടനാ പ്രസിഡന്‍റ് ആവശ്യപ്പെട്ടത്.
സ്റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യര്‍ഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പ് മന്ത്രിയോട് സംസാരിക്കും.
ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.