പി.ജി ഡോക്ടറുടെ ആത്മഹത്യ: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടറുടെ ആത്മഹത്യക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരത്ത് യുവഡോക്ടർ ജീവനൊടുക്കാൻ കാരണം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൃത്ത് വിവാഹാലോചനയിൽ നിന്ന് പിൻമാറിയതിനാലാണെന്ന് ആരോപണം ഉയർന്നിരുന്നു. യുവതിയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തുവന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പി.ജി. വിദ്യാർഥിനി ഡോ. ഷഹന(26)യാണ് ജീവനൊടുക്കിയത്. ഷഹനയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയത്.
രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അേന്വഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്.
ഒപ്പം പഠിച്ച സുഹൃത്തുമായി ഷഹ്നയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ വിവാഹത്തിനായി യുവാവിന്റെ വീട്ടുകാർ 150പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യു കാറുമാണ് ആവശ്യപ്പെട്ടത്.
ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കില്ലെന്നറിഞ്ഞതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് ഷഹനയെ മാനസികമായി തളർത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ഷഹനയുടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.