പി.ജി മെഡിക്കൽ: പിന്നാക്ക സംവരണം 27 ശതമാനമാക്കിയതിനെതിരെ ഹരജി
text_fieldsകൊച്ചി: സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് മെഡിക്കൽ പി.ജി പ്രവേശനത്തിന് 27 ശതമാനമായി സംവരണ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച സർക്കാർ നടപടി ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. സംവരണം വർധിപ്പിച്ച് ഒക്ടോബർ 20ന് സർക്കാർ പുറപ്പെടുവിച്ച സർക്കുലർ ഭരണഘടന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ പി.ജി പ്രവേശനത്തിന് നീറ്റ് പി.ജി പരീക്ഷ എഴുതിയ ഒരുകൂട്ടം എം.ബി.ബി.എസ് വിദ്യാർഥികളാണ് ഹരജി നൽകിയത്. ജസ്റ്റിസ് എൻ. നഗരേഷ് ഹരജി തിങ്കളാഴ്ച വാദത്തിന് പരിഗണിക്കാനായി മാറ്റി.
നിലവിലുണ്ടായിരുന്ന ഒമ്പതുശതമാനം സംവരണമാണ് ഒറ്റയടിക്ക് 27 ശതമാനമാക്കി വർധിപ്പിച്ചതെന്ന് ഹരജിയിൽ പറയുന്നു. പിന്നാക്ക വിഭാഗങ്ങൾക്കായി 27 ശതമാനം സീറ്റ് നീക്കിവെക്കുേമ്പാൾ മെരിറ്റ് സീറ്റ് 38 ശതമാനമായി കുറയും. നിലവിൽ 833 പി.ജി സീറ്റാണുള്ളത്. ഇതിൽ 427 സീറ്റിലേക്കാണ് പ്രവേശന കമീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തുക. കേരളത്തിന് അനുവദിക്കുന്ന ആകെ സീറ്റിൽനിന്ന് 27 ശതമാനമാണ് പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ളവർക്കായി നീക്കിവെക്കുന്നത്. പോസ്റ്റ് ഗ്രാേജ്വറ്റ്, സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളിൽ കുറഞ്ഞ സീറ്റുകൾ മാത്രമേ സംവരണപ്രകാരം മാറ്റാവൂവെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണ്. ഈ സാഹചര്യത്തിൽ ഉത്തരവ് റദ്ദാക്കണമെന്നും ഉത്തരവ് പരിഗണിക്കാതെ തന്നെ 2020-21 അക്കാദമിക് വർഷത്തേക്കുള്ള റാങ്ക് പട്ടിക തയാറാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.