പി.എച്ച്. കുര്യന് തുറമുഖ വകുപ്പ് ചുമതല; ബാലകിരൺ കിയാൽ എം.ഡി ബിജു പ്രഭാകർ മരാമത്തിൽ
text_fieldsതിരുവനന്തപുരം: റവന്യൂവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് തുറമുഖ വകുപ്പിെൻറ അധിക ചുമതല നൽകി. അഡീഷനൽ ചീഫ്സെക്രട്ടറി ജെയിംസ് വർഗീസ് ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. വകുപ്പിൽനിന്ന് മാറ്റാൻ അഭ്യർഥിച്ച് ജെയിംസ് വർഗീസ് ചീഫ്സെക്രട്ടറിക്ക് കത്ത് നൽകുകയും അവധിയെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മന്ത്രിസഭയോഗം തന്നെ ജെയിംസ് വർഗീസിെൻറ ആവശ്യം അംഗീകരിച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭയോഗം പി.എച്ച്. കുര്യന് തുറമുഖ വകുപ്പിെൻറ ചുമതല കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു.
പരിസ്ഥിതി, വനം, തുറമുഖം തുടങ്ങി ഏഴ് സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള താൻ ആറ് മന്ത്രിമാർക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ജോലിഭാരം കൂടുതലാണെന്നും കാണിച്ചാണ് ജെയിംസ് വർഗീസ് ചീഫ്സെക്രട്ടറിയെ സമീപിച്ചത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിെൻറ റിപ്പോർട്ട് രാഷ്ട്രീയവിവാദമായി നിൽക്കെയാണ് ജെയിംസ് വർഗീസ് ഒഴിയാൻ സന്നദ്ധത കാട്ടിയത് എന്നതാണ് ശ്രദ്ധേയം.
കരാർ ഒപ്പിട്ട കഴിഞ്ഞ സർക്കാറിെൻറ കാലത്തും ഇദ്ദേഹത്തിനായിരുന്നു വകുപ്പ് ചുമതല. വിഴിഞ്ഞം തുറമുഖനിർമാണത്തിന് അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിനെതിരെ സി ആൻഡ് എ.ജി റിപ്പോർട്ടും ജുഡീഷ്യൽ അന്വേഷണവും വന്ന സാഹചര്യത്തിൽ താൻ വകുപ്പ് ചുമതലയിൽ തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം നിലപാടെടുക്കുകയായിരുന്നു.
പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയുമായുണ്ടായ തർക്കത്തിെൻറ പേരിൽ കൃഷി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ ബിജു പ്രഭാകറിനെ പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. കൃഷി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട രാജു നാരായണസ്വാമിയെ നേരത്തേ തന്നെ ഔദ്യോഗികഭാഷാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. ബിജു പ്രഭാകർ അവധിയിലായതിനാലാണ് നിയമനം നീണ്ടത്.
തുളസിദാസ് രാജിെവച്ച ഒഴിവിൽ ടൂറിസം ഡയറക്ടർ ബാലകിരണിനെ കണ്ണൂർ ഇൻറനാഷനൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) എം.ഡി.യായി നിയമിച്ചു. ടൂറിസം ഡയറക്ടറുടെ ചുമതല അദ്ദേഹം തുടർന്നും വഹിക്കും. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ആഷ തോമസിനെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് എം.ഡി.യായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.