കൊച്ചിയിൽ ഫാർമ പാർക്ക് വരുന്നു; ലക്ഷ്യം 1000 കോടിയുടെ ഉൽപാദനം
text_fieldsകൊച്ചി: പ്രതിവർഷം 1000 കോടിയുടെ മരുന്ന് ഉൽപാദനം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് കൊച്ചിയിൽ ഫാർമ പാർക്ക് സ്ഥാപിക്കുന്നു. അമ്പലമുകളിൽ ഫാക്ടിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർദിഷ്ട പെട്രോകെമിക്കൽ പാർക്കിനോട് ചേർന്ന് ഫാർമ പാർക്ക് യാഥാർഥ്യമാകുന്നതോടെ അവശ്യ മരുന്ന് വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് പ്രതിവർഷം 6000--8000 കോടിയുടെ മരുന്ന് വിൽക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, പൊതുമേഖലയിലുള്ള ഏക മരുന്ന് നിർമാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ (കെ.എസ്.ഡി.പി) പ്രതിവർഷം 40 കോടിയോളം രൂപയുടെ മരുന്നേ നിർമിക്കുന്നുള്ളൂ. ബഹുരാഷ്ട്ര കമ്പനികൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന ഭൂരിഭാഗം മരുന്നുകൾക്കും അമിത വില നൽകേണ്ടിവരുന്നു. തദ്ദേശീയമായി ഉൽപാദിപ്പിച്ചാൽ ഗുണമേന്മയുള്ള മരുന്ന് കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ.
മരുന്ന് നിർമാണത്തിന് നാലു ഫാക്ടറികളാകും പാർക്കിലുണ്ടാവുക. കിഫ്ബിയിൽനിന്നാണ് പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുന്നത്. കേരള ജനറിക് എന്ന പേരിലാകും വിപണിയിലിറക്കുക. ഇതോടൊപ്പം പ്രതിവർഷം 150 കോടിയുടെ മരുന്ന് ഉൽപാദിപ്പിക്കാവുന്ന വിധം കെ.എസ്.ഡി.പിയുടെ ശേഷി ഉയർത്താനും പദ്ധതിയുണ്ട്. പെട്രോകെമിക്കൽ ഉപോൽപന്നങ്ങൾ മരുന്ന് നിർമാണത്തിന് ഉപയോഗിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് പെട്രോകെമിക്കൽ പാർക്കിന് സമീപത്തെ സ്ഥലം തെരഞ്ഞെടുത്തത്. ഫാക്ടിൽനിന്ന് ഏറ്റെടുക്കുന്ന 600 ഏക്കറിൽ 450 ഏക്കറിൽ പെട്രോകെമിക്കൽ പാർക്കും 150 ഏക്കറിൽ ഫാർമ പാർക്കും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഫാക്ട് അധികൃതരുമായി സർക്കാർ ആദ്യവട്ട ചർച്ച പൂർത്തിയാക്കി. ഏക്കറിന് നാല് കോടി മുതൽ അഞ്ച് കോടി വരെയാണ് ഫാക്ട് ആവശ്യപ്പെടുന്നത്. സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായ സർവേ ജോലി പൂർത്തിയായിട്ടുണ്ട്. സ്ഥലം വിട്ടുകിട്ടിയാൽ ഇരു പദ്ധതികളുടെയും പ്രാരംഭ ജോലി ആരംഭിക്കും. കിൻഫ്രയാണ് ഇരു പാർക്കുകളും സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.