അവശ്യ മരുന്നുകൾ നൽകാൻ ഫാർമസിസ്റ്റുകൾക്ക് അനുമതി
text_fieldsതിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും അത്യാവശ്യ മരുന്നുകൾ നൽകാൻ ഫാർമസിസ്റ്റുകൾക്ക് ആരോഗ്യവകുപ്പിെൻറ അനുമതി. 22 ഇനം മരുന്നുകളാവും ഇപ്രകാരം ലഭിക്കുക. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഗുളികകളും ഓയിൻറ്മെൻറുകളും തുള്ളിമരുന്നുകളും ഉൾപ്പെടെ (ഓവർ ദ കൗണ്ടർ മരുന്നുകൾ) ഇത്തരത്തിൽ നൽകാനുള്ള ഉത്തരവാണ് നിലവിൽവന്നത്. രജിസ്ട്രേഡ് ഫാർമസിസ്റ്റുകളുടെ മേൽനോട്ടത്തിൽ ചട്ടങ്ങൾക്ക് വിധേയമായി മാത്രമേ മരുന്നുകൾ നൽകാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം സർക്കാർ ആശുപത്രികളിലും ഡോക്ടറുടെ ഒരു തസ്തിക മാത്രമാണുള്ളത്. ഇവർ അവധിയിലും മറ്റ് ഔദ്യോഗിക ചുമതലകൾക്കും പോകുമ്പോൾ രോഗികൾ ചികിത്സ കിട്ടാതെ തിരിച്ചുപോകേണ്ടി വരുന്നതിനെപ്പറ്റി ലഭിച്ച പരാതികളെ തുടർന്നാണ് നടപടി.
ഒ.ആർ.എസ് പൗഡർ, പാരസെറ്റമോൾ ഗുളിക, സലൈൻ നേസൽ ഡ്രോപ്, ലിക്വിഡ് പാരഫിൻ, കലാമിൻ ലോഷൻ, ടർപൻറയിൻ ലിനിമെൻറ്, പാരെസറ്റമോൾ സപ്പോസിറ്ററി, പാരെസറ്റാമോൾ സിറപ്പ്, പെർമിത്രിൻ ക്രീം, സോഡിയം ബൈകാർബണേറ്റ് ഇയർ ഡ്രോപ്സ്, സിൽവർ സൾഫഡൈസിൻ ക്രീം, വൈറ്റ് സോഫ്റ്റ് പാരഫൈൻ, വൈറ്റ് ഫീൽഡ് ഒായിൻറ്മെൻറ് തുടങ്ങിയവ നൽകും. ഫാർമസിസ്റ്റുകൾക്ക് ഡോക്ടറുടെ കുറിപ്പടി കൂടാതെ വിതരണം ചെയ്യാൻ അനുമതി നൽകിയ മരുന്നുകളുടെ പട്ടിക അശാസ്ത്രീയമാണെന്ന വാദം ഉയർന്നിട്ടുണ്ട്.
ശാസ്ത്രീയമായി രോഗനിർണയം നടത്തി ഉപയോഗിക്കേണ്ട പ്രീമെത്രിൻ, മുപ്പിറോസിൻ ഓയിൻറ്മെൻറ് എന്നിവയും പാർശ്വഫലങ്ങളുള്ള സൈലോമെറ്റസോളിനും പട്ടികയിലുണ്ട്. എന്നാൽ, ചുമയ്ക്ക് സാധാരണ നൽകുന്ന എക്സ്പറ്റോറൻറ് മിക്സ്ചർ, ജലദോഷത്തിനും അലർജിക്കുമുള്ള അവിൽ ഗുളിക, വേദനസംഹാരികൾ എന്നിവ പട്ടികയിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.