മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ അതീവ സംഘർഷം; നാദാപുരത്ത് ഗ്രനേഡ്, കൊടിയത്തൂരിൽ ലാത്തിവീശി
text_fieldsകോഴിക്കോട്/ കണ്ണൂർ/മലപ്പുറം/കാസർക്കോട്: അവസാനഘട്ട തെരഞ്ഞെടുപ്പ് ദിനത്തിൽ വിവിധയിടങ്ങളിൽ സംഘർഷം. ഓപൺ വോട്ടിനെച്ചൊല്ലിയും കോവിഡ് ബാധിതർ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടും പലേടത്തും തർക്കമുണ്ടായി. കോഴിക്കോട് നാദാപുരത്ത് തെരുവൻപറമ്പിൽ യു.ഡി.എഫ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. സി.ഐയും എസ്.ഐയുമടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. രണ്ട് പൊലീസ് വാഹനങ്ങൾ തകർത്തു.
10 തവണ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിൽ യു.ഡി.എഫ് ബ്ലോക്ക് സ്ഥാനാർഥി സി.എച്ച്. നജ്മ ബീവി, മുൻ ഗ്രാമപഞ്ചായത്ത് അംഗം സുഹറ പുതിയറക്കൽ എന്നിവർക്ക് പരിക്കേറ്റു. കൊടിയത്തൂരിൽ വെൽഫെയർ പാർട്ടി പ്രവർത്തകരെ സി.പി.എമ്മുകാർ മർദിച്ചു. ഷാമിൽ കൊളായിൽ, കെ.ഇ. ഷമീം എന്നിവർക്കാണ് പരിക്ക്. കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് സമീപം മൂന്നോടെയായിരുന്നു ആക്രമണം. പൊലീസെത്തി ലാത്തി വീശി. മുക്കത്ത് ഓപൺ വോട്ടിനെച്ചൊല്ലിയുള്ള തർക്കം സംഘർഷമായപ്പോഴും പൊലീസ് ലാത്തി വീശി. മുക്കം നീലേശ്വരം ഗവ.എച്ച്.എസ്.എസിനു സമീപവും ഓപൺ വോട്ടിനെച്ചൊല്ലി യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. ഇവിടെയും പൊലീസ് ലാത്തി വീശി.
കണ്ണൂരിൽ ഏതാനും ഇടങ്ങളിൽ യു.ഡി.എഫ് ബൂത്ത് ഏജൻറുമാർക്ക് മർദനമേറ്റു. ഇരിട്ടി മുഴക്കുന്നിൽ പോളിങ് ബൂത്തിന് സമീപത്തെ റോഡിലെ കലുങ്കിനിടയിൽ ഒളിപ്പിച്ച നിലയിൽ നാലു നാടൻ ബോംബുകൾ കണ്ടെത്തി. കെ.സുധാകരൻ എം.പിയുടെ പ്രസ് സെക്രട്ടറി മനോജ് പാറക്കാടിക്ക് ചെങ്ങളായി പഞ്ചായത്തിലെ തട്ടേരി വാർഡിലെ ബൂത്തിൽ മർദനമേറ്റു.
കള്ളവോട്ട് തടയാൻ ശ്രമിച്ചതിനാണ് മർദനം. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ വനിത ലീഗ് ജില്ല സെക്രട്ടറി സാജിത ഉൾപ്പെടെയുള്ളവർക്കുനേരെ കൈയേറ്റമുണ്ടായി. പരിക്കേറ്റ നാലുപേരെ െകായിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് 44 വെള്ളൂർ വെസ്റ്റ് സ്വതന്ത്ര വനിത സ്ഥാനാർഥി പി.ടി.പി. സാജിദയെ കള്ളവോട്ട് തടയാൻ ശ്രമിച്ചതിന് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തി. ചീഫ് ഏജൻറ് ടി.കെ. മുഹമ്മദ് റിയാസിന് നേരെയും മർദനവുമുണ്ടായി.
ആന്തൂർ അയ്യങ്കോലിൽ സി.പി.എം-ലീഗ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയിൽ യു.ഡി.എഫ് ബൂത്ത് ഏജൻറിന് മർദനമേറ്റു. കള്ളവോട്ട് ചോദ്യം ചെയ്തതിന് ബൂത്തിൽ നിന്ന് പിടിച്ചുപുറത്താക്കി.
കനത്ത പോളിങ് നടന്ന മലപ്പുറം ജില്ലയിൽ ചിലയിടങ്ങളിൽ നേരിയ സംഘർഷം. നഗരസഭയിലെ 19ാം വാർഡ് സിവിൽ സ്റ്റേഷനിൽ യുവാവ് കള്ളവോട്ടിന് ശ്രമിച്ചതായി യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. ഓപൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തിെൻറ പേരിൽ പെരുമ്പടപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കശപിശയുണ്ടായി. വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ സുഹ്റ അഹമ്മദിനെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയുണ്ട്. പൊലീസ് ലാത്തി വീശി പ്രവർത്തകരെ വിരട്ടിയോടിച്ചു.
താനൂർ നഗരസഭ പതിനാറാം വാർഡിൽ പോളിങ് ബൂത്തിലെ വോട്ടഭ്യർഥന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മുൻ കൗൺസിലർ ലാമിഹ് റഹ്മാന് പരിക്കേറ്റു. വേങ്ങര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് ചെനക്കലില്‍ മനാട്ടി ബൂത്ത് ഒന്നിൽ ഇരുമുന്നണിയിലെയും പ്രവര്‍ത്തകർ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടായി.
കാസർകോട് മടിക്കൈയിൽ പോളിങ്ങിനുശേഷം സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. കണ്ണൂർ ജില്ലയിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച യു.ഡി.എഫ് ബൂത്ത് ഏജൻറുമാരെ സി.പി.എമ്മുകാർ ആക്രമിച്ചെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
സി.പി.എം കണ്ണൂർ ജില്ലയിൽ വ്യാപകമായി ആൾമാറാട്ടവും കള്ളവോട്ടും നടത്തിയെന്ന് അവർ ആരോപിച്ചു. എന്നാൽ, കള്ളവോട്ട് പിടികൂടിയ രണ്ടു സംഭവത്തിലും യു.ഡി.എഫുകാരാണ് പ്രതികളെന്നാണ് സി.പി.എമ്മിെൻറ മറുപടി. പത്തോളം ഇടങ്ങളിൽ യന്ത്രം പണിമുടക്കിയതിനാൽ വോട്ടിങ് അൽപനേരത്തേക്ക് മുടങ്ങി. തുടർന്ന് പോളിങ് ഒരു മണിക്കൂറിലേറെ നീണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കാസർകോട് ജില്ലയിൽ കോവിഡ് ഭീതിയെ അവഗണിച്ച് പ്രായഭേദമന്യേ വോട്ടുരേഖപ്പെടുത്താൻ ജനങ്ങൾ ഒഴുകി. ജില്ലയിൽ പോളിങ് സമാധാനപരമായിരുന്നു. മലയോര മേഖല രാവിലെതന്നെ വോട്ട് ചെയ്യാൻ കുത്തിയൊഴുകിയപ്പോൾ തീരദേശത്ത് മന്ദഗതിയിലായിരുന്നു.
മലപ്പുറം, കൂട്ടിലങ്ങാടി, ചങ്ങരംകുളം, കാളികാവ് പുളിയങ്കല്ല്, മഞ്ചേരി, തൃക്കലങ്ങോട്, എടയൂർ, എടപ്പാൾ വട്ടംകുളം, അയിലക്കാട്, മങ്കട, കൊണ്ടോട്ടി വാഴയൂർ, തിരുത്തിയാട്, വാഴക്കാട്, ആക്കോട്, മൊറയൂർ, ചെറുകാവ് എന്നിവിടങ്ങളിൽ വോട്ടുയന്ത്രം തകരാറിലായി അൽപസമയം വോട്ടിങ് തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.