വിദ്യയുടെ പിഎച്ച്.ഡി; മുൻ വി.സിയുടെ ശബ്ദസന്ദേശം പുറത്ത്
text_fieldsകൊച്ചി: കെ. വിദ്യക്ക് കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡിക്ക് പ്രവേശനം അനുവദിച്ചത് ചട്ടപ്രകാരമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ചാണെന്നും അന്നത്തെ സർവകലാശാല വി.സിയുടെ ശബ്ദസന്ദേശം. വിദ്യക്ക് പ്രവേശനം നൽകിയത് സംബന്ധിച്ച് പരാതി പറയാനെത്തിയ വിദ്യാർഥികളോട് വി.സി ഡോ. ധർമരാജ് അടാട്ട് സംസാരിക്കുന്നതാണ് പുറത്തുവന്നത്. ‘നിയമിച്ചത് ചട്ടപ്രകാരമല്ല; കോടതി പറഞ്ഞതു പ്രകാരമായിരുന്നെന്നാണ്’ വി.സി പറയുന്നത്. സംവരണം മറികടന്നാണ് വിദ്യ ഗവേഷണ വിദ്യാർഥിയായി പ്രവേശനം നേടിയതെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സന്ദേശം പ്രചരിക്കുന്നത്.
ഹൈകോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് കാലടി സംസ്കൃത സർവകലാശാല പി.എച്ച്.ഡി പ്രവേശനം നൽകിയതെന്ന ആരോപണം ശരിവെക്കുന്നതാണ് വെളിപ്പെടുത്തൽ. ‘വിധിയുടെ അടിസ്ഥാനത്തിൽ വിദ്യക്ക് പ്രവേശനം നൽകി വൈസ് ചാൻസലര്‍ ഉത്തരവിട്ടതായാണ് രജിസ്ട്രാർ മലയാള വിഭാഗം മേധാവിക്ക് കത്തു നൽകിയത്. ‘കാലടി സർവകലാശാലയിലെ മലയാള വിഭാഗം പി.എച്ച്.ഡി പ്രവേശനത്തിന് കെ.വിദ്യയുടെ അപേക്ഷ പരിഗണിക്കാവുന്നതാണ്.
അപേക്ഷയിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുക’ എന്നാണ് നിലവിലെ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി 2020 ജനുവരി 23ന് പുറപ്പെടുവിച്ച ഉത്തരവ്. പ്രവേശനത്തിന് തന്‍റെ അപേക്ഷ കൂടി പരിഗണിക്കാൻ രജിസ്ട്രാറോട് നിർദേശിക്കണമെന്ന കെ. വിദ്യയുടെ ഹർജിയിലായിരുന്നു ഉത്തരവ്. വിദ്യക്ക് പ്രവേശനം നൽകി വി.സി ഉത്തരവിട്ടതായി രജിസ്ട്രാർ 2020 ജനുവരി 29നാണ് മലയാള വിഭാഗം മേധാവിക്ക് കത്ത് നൽകിയത്. അതേസമയം, താൻ ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും ശബ്ദസന്ദേശം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ഡോ. ധർമരാജ് അടാട്ട് പ്രതികരിച്ചു. കോടതി ഉത്തരവ് ഉണ്ടായിരുന്നോ എന്നത് ഇപ്പോൾ ഓർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.