ആർ.എസ്.എസ് നേതാവുമായുള്ള ഫോൺവിളി; കോൺഗ്രസ് വനിത നേതാവിനെതിരെ നടപടിയുണ്ടാകും
text_fieldsഹരിപ്പാട്: ആർ.എസ്.എസ് നേതാവുമായി ഹരിപ്പാട്ടെ കോൺഗ്രസ് വനിതാ നേതാവ് നടത്തിയ ഫോൺവിളിയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. ഹരിപ്പാട് നഗരസഭ സിറ്റിങ് അംഗവും 26ാം വാർഡ് സ്ഥാനാർഥിയും കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായ വൃന്ദ എസ്. കുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൂചന. പാർട്ടിയിലെ ഭൂരിഭാഗം പേരും ഇവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. തെൻറ തട്ടകത്തിൽ നടന്ന ആർ.എസ്.എസുമായുള്ള വോട്ടുമറിക്കൽ ചർച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും നാണക്കേടുണ്ടാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിൽ പ്രതിസന്ധിയിൽനിന്ന് തലയൂരാൻ പാർട്ടി ഉചിത നടപടി കൈക്കൊണ്ടില്ലെങ്കിൽ മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടിൽ വിള്ളൽ വീഴുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നുകഴിഞ്ഞ് ഇവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ 29 സീറ്റിൽ 22 എണ്ണം നേടി അധികാരത്തിൽ വന്ന കോൺഗ്രസിന് ഭരണത്തുടർച്ചക്ക് കാര്യമായ ഭീഷണിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, തെരഞ്ഞെടുപ്പിനുമുമ്പ് ഹരിപ്പാട്ടെ ആർ.എസ്.എസ് നേതാവ് സുനിൽ സ്വാമിയുമായി വൃന്ദ നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പല വാർഡിലെയും കോൺഗ്രസ് സ്ഥാനാർഥികൾ. ഇവരുടെ ആർ.എസ്.എസ് ബന്ധം പലരും പാർട്ടിവേദികളിലും കത്തുകൾ മുഖേനയും നേതൃത്വത്തെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നു.
ഫോൺവിളി പുറത്തുവന്നിട്ടും നേതൃത്വം തുടക്കത്തിൽ മൗനം പാലിച്ചെങ്കിലും വൃന്ദക്കെതിരെ നടപടി ആവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തുവന്നതോടെ നടപടിയെടുക്കേണ്ട നിർബന്ധിതാവസ്ഥയിലാണ് പാർട്ടി.
നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ കത്ത് കെ.പി.സി.സി പ്രസിഡൻറിന് അടക്കം നൽകും. ഗുരുതര തെറ്റാണ് വൃന്ദ ചെയ്തതെന്ന് നഗരസഭ ചെയർപേഴ്സൻ വിജയമ്മ പുന്നൂർമഠം പറഞ്ഞു. ഫലം വന്നുകഴിഞ്ഞാലുടൻ ഇവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുമെന്ന് വിജയമ്മ പറഞ്ഞു.
ശക്തമായ നടപടി കൈക്കൊള്ളണമെന്ന നിലപാടാണുള്ളതെന്ന് നഗരസഭ കൗൺസിലർ അനിൽമിത്ര പറഞ്ഞു. വൃന്ദക്കെതിരെ ആരോപണവുമായി മറ്റൊരു കൗൺസിലർ സ്മിത പ്രദീപും രംഗത്തെത്തി. ഇവരുടെ അനാവശ്യ ഇടപെടലുകൾ പാർട്ടിയെ അറിയിച്ചിട്ടും മൗനം പാലിക്കുകയായിരുന്നു. വസ്തുതകൾ പരിശോധിച്ച് ഉപരിനേതൃത്വത്തിെൻറ തീരുമാനപ്രകാരം ഉചിത നടപടി കൈക്കൊള്ളുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.ആർ. ഹരികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.