താമരശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ ഫോൺ കണ്ടെത്തി
text_fieldsതാമരശ്ശേരി: പരപ്പൻപൊയിലിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയുടേതെന്ന് കരുതുന്ന മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഐഫോൺ ലഭിച്ച വ്യാപാരി കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. ഫോൺ അന്വേഷണ സംഘത്തിന് ലഭിച്ചശേഷം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ലഭിച്ച ഫോൺ ഷാഫിയുടേത് തന്നെയാണെങ്കിൽ അടുത്ത കാലത്ത് ഫോണിലേക്ക് വിളിച്ചവരുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൂടുതൽ എളുപ്പമാകും.
ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു.. ദിവസങ്ങളോളം വീടും പരിസരങ്ങളും വീക്ഷിച്ചശേഷമാണ് സംഘം കൃത്യം നടത്തിയത്. സംഘത്തിൽ ഉൾപ്പെട്ട ഗുണ്ടകളുടെ രേഖാചിത്രം തയാറാക്കി വരുകയാണ് പൊലീസ്. ഷാഫിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയശേഷം മറ്റ് വാഹനത്തിലേക്ക് മാറ്റിയ ശേഷമാകും കടന്നുകളഞ്ഞതെന്നാണ് പൊലീസ് സംശയിക്കുന്നത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനക്ക് വിധേയമാക്കിയിട്ടും കാര്യമായ തെളിവൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി ഡി.ഐ.ജി പുട്ട വിമലാദിത്യ ചൊവ്വാഴ്ച വീണ്ടും താമരശ്ശേരിയിലെത്തി. ഉദ്യോഗസ്ഥരുമായി ഡി.ഐ.ജി കൂടിക്കാഴ്ച നടത്തി. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ചയും ചോദ്യം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് പരപ്പൻപൊയിലിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.