ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കും; തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ദിലീപ്
text_fieldsകൊച്ചി: ഹൈകോടതി ഉത്തരവ് പ്രകാരം നടന്‍ ദിലീപ് ഫോണുകള്‍ കോടതിക്ക് കൈമാറുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. നാല് ഫോണുകൾ പരിശോധനക്ക് നൽകിയിട്ടില്ല. തിങ്കളാഴ്ച ആറ് ഫോണുകളും മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കും. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവെച്ച കവറിൽ ഹാജരാക്കേണ്ടത്.
ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈകോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണുകൾഎവിടെ പരിശോധനക്ക് നൽകണമെന്ന് കോടതി തീരുമാനിക്കും.
അതേസമയം, നടൻ ദിലീപിന്റെ നാലാമത്തെ ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സൈബർ ഡോമിന്റെ സഹായം തേടി. ദിലീപ് ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഈ ഫോണിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സി.ഡി.ആർ പരിശോധിച്ചപ്പോഴാണ് ദിലീപ് നാല് ഫോണുകൾ ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കിയത്. ദിലീപിനുവേണ്ടി ഈ ഫോൺ ഡ്രൈവർ കൈവശം വെച്ചിരുന്നതായി പൊലീസിന് സാക്ഷിമൊഴി ലഭിച്ചിട്ടുണ്ട്.
ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യയുടെ ഫോൺ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികം ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്. അതിനാൽ ഈ ഫോണുകൾ കൂടി പരിശോധനക്ക് വിധേയമാക്കണമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പുറത്ത് വരാതിരിക്കാനാണ് ഫോണുകൾ കൈമാറാതിരിക്കാൻ ശ്രമിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഫോൺ നൽകിയാൽ നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ട്. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തിൽ. ഫോൺ ലഭിച്ചാൽ നടിയെ ആക്രമിച്ച കേസിലടക്കം കൂടുതൽ തെളിവ് കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.