അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ എത്തിയത് 10ാം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നെന്ന് പരാതി; ഒത്തുതീർപ്പിന് ശ്രമിച്ച സംഭവത്തിൽ സി.ഐക്കെതിരെ അന്വേഷണം
text_fieldsതിരുവനന്തപുരം: 10–ാംക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ് ഫോട്ടോയിൽനിന്ന് ക്രോപ്പ് ചെയ്ത് യുവതിയുടെ ഫോട്ടോയും ഫോൺനമ്പറും അശ്ലീല വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തതായി പരാതി. ഒന്നിച്ച് പഠിച്ച യുവാവ് വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് ചിത്രമെടുത്ത് ഫോൺനമ്പറും ചേർത്ത് വെബ്സൈറ്റിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, കേസിൽ നടപടി എടുക്കാതെ കാട്ടാക്കട എസ്.എച്ച്.ഒ ഒത്തുതീർക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ എസ്.എച്ച്.ഒക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊലീസ് ഹെഡ് കോർട്ടേഴ്സ് സ്പെഷൽ സെൽ എസ്.പിക്കാണ് ഡി.ജി.പി നിർദേശം നൽകിയത്.
ജനുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസ്സുമടക്കം അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽനിന്നും മെസേജുകൾ വന്നു. അന്വേഷണത്തിൽ ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തി.
ജനുവരി 31ന് സൈബർ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നൽകി. സംശയമുള്ളയാളിന്‍റെ പേരും ഫോൺ നമ്പരുമടക്കമാണ് പരാതി നൽകിയത്. എന്നാൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. പരാതി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചെന്നും യുവതി പറയുന്നു.
വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് പ്രവഹിക്കുകയായിരുന്നു. വീട്ടമ്മയും ഭർത്താവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്താം ക്ലാസിലെ പൂർവവിദ്യാർഥി വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഫോട്ടോ ചോർന്നതെന്ന് മനസ്സിലായത്. കേസായതോടെ തടിയൂരാൻ പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. എന്നാൽ, നിയമ നടപടിയുമായി മുന്നോട്ടുപോകാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
പരാതി നൽകി അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്.എച്ച്.ഒ കഴിഞ്ഞ ദിവസമാണ് പ്രതിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തി ഒത്തുതീർക്കാൻ നിർബന്ധിച്ചതത്രെ. അതിന് തയാറല്ലെന്ന് അറിയിച്ച യുവതി തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. തുടർന്ന് പൊലീസ് ഹെഡ് കോർട്ടേഴ്സ് സ്പെഷൽ സെൽ എസ്.പിക്ക് ചുമതല നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.