ഫോട്ടോ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചു; ആന്‍റണി പെരുമ്പാവൂരടക്കമുള്ളവർ ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsചാലക്കുടി: അനുമതി വാങ്ങാതെയും അപകീർത്തിയുണ്ടാകുന്ന വിധത്തിലും അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചതിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. നിർമാതാവ് ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള സിനിമ പ്രവർത്തകർക്കെതിരെയാണ് ചാലക്കുടി മുൻസിഫ് കോടതിയുടെ വിധി. കാടുകുറ്റി വട്ടോളി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസിനാണ് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1.68 ലക്ഷം രൂപയും നൽകേണ്ടത്.
ആൻറണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ‘ഒപ്പം’ സിനിമയിൽ ഫോട്ടോ വന്നതിനെ തുടർന്നാണ് പരാതി നൽകിയത്. മോഹൻലാൽ നായകനായി അഭിനയിച്ച സിനിമയിലെ 29ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ ഉപയോഗിച്ചത്. ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് കാണിച്ച് കൊരട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.
തുടർന്ന് 2017ൽ അഡ്വ. പി. നാരായണൻകുട്ടി മുഖേന ചാലക്കുടി കോടതിയിൽ പരാതി നൽകി. ആന്‍റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി. ഡയറക്ടർ മോഹൻദാസിനെയും കക്ഷിചേർത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ് എതിർകക്ഷികൾ വാദിച്ചത്. സിനിമയിൽനിന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവർത്തകർ നിഷേധിച്ചു. ഇപ്പോഴും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു വർഷമായി നിയമപോരാട്ടം നടത്തിയാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിൻസി ഫ്രാൻസിസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സജി ജോസഫും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.