ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന പിഞ്ചോമനക്ക് ചികിത്സക്ക് ഫോട്ടോഗ്രാഫർ സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ചത് 22.64 ലക്ഷം
text_fieldsഗുരുവായൂര്‍: ഓണം, വിഷു, പെരുന്നാള്‍... ആഘോഷം എന്തായാലും നിതിന്‍ നാരായണെൻറ കാമറ ഫോക്കസ് ചെയ്തത് കുഞ്ഞു മധുബയിലായിരുന്നു. മഴക്കാലവും അവധിക്കാലവും സ്കൂള്‍ പ്രവേശനവുമൊക്കെ നിതിന്‍ ഒപ്പിയെടുത്തത് മധുബയുടെ വിവിധ ഭാവങ്ങളിലൂടെ തന്നെ.
എന്നാല്‍ കളിചിരികളുടെ ഇളംപ്രായത്തില്‍ മധുബ (ഏഴ്) അപൂര്‍വ രോഗത്തിെൻറ പിടിയിലമര്‍ന്നപ്പോള്‍ നിതിെൻറ ഹൃദയം തകര്‍ന്നു. താമരയൂരിലെ ദേവസ്വം ക്വാര്‍ട്ടേഴ്സില്‍ ബി 63, ബി 62 എന്നീ അടുത്തടുത്ത വീടുകളിലാണ് നിതിെൻറയും മധുബയുടെയും കുടുംബങ്ങള്‍ താമസിക്കുന്നത്. എല്ലാവർക്കും മധുബ 'കുഞ്ഞി' ആണ്.
നിതിന്‍ കുഞ്ഞിയുടെ കണ്ണേട്ടനും. ഒരു കുടുംബം പോലെ കഴിയുന്നവർ. മധുബ ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വ രോഗത്തിെൻറ പിടിയിലാണെന്നറിഞ്ഞപ്പോള് അവളുടെ കുടുംബത്തോടൊപ്പം നിതിനും തകര്‍ന്നു. എന്നാല്‍ തളര്‍ന്നിരിക്കേണ്ട സമയമല്ലിതെന്ന തിരിച്ചറിവില്‍ സമൂഹ മാധ്യമങ്ങളിലൂടെ നിതിന്‍ ഇടപെട്ടപ്പോള്‍ അത് മധുബക്കും കുടുംബത്തിനും അതിജീവനമായി.
താന്‍ പകര്‍ത്തിയ മധുബയുടെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാട്സ് ആപ്പിലും നിതിന്‍ നടത്തിയ സഹായാഭ്യര്ഥനക്ക് വലിയ പ്രതികരണമാണ് ഉണ്ടായത്. 22.64 ലക്ഷം രൂപയാണ് ലഭിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 40,000ത്തോളം പേർ സഹായാഭ്യർഥന പങ്കുവെച്ചു.
ഈമാസം ആറിന് അഭ്യര്‍ഥന പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം 15 ലക്ഷം അക്കൗണ്ടിലെത്തി. മധുബയുടെ പിതാവ് മനോജിെൻറ പേരിലാണ് അക്കൗണ്ട്. തുക ലഭിച്ചുവെന്ന് മാത്രമല്ല, ആരോഗ്യസ്ഥിതിയിലും പുരോഗതിയുണ്ടായി.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിയുന്ന മധുബക്ക് ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് മടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സംഭാവനകള്‍ നല്കിയവരോട് നന്ദി പറഞ്ഞുള്ള നിതിെൻറ പോസ്റ്റില്‍ അക്കൗണ്ട് അവസാനിപ്പിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.