ഗൂഗിൾ മാപ്പ് ‘പണി’ കൊടുത്തു; കാട്ടിലകപ്പെട്ട തീർഥാടകന് രക്ഷകരായി കാഞ്ഞാർ പൊലീസ്
text_fieldsകാഞ്ഞാർ: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച് കാട്ടിൽ കുടുങ്ങിയയാൾക്ക് രക്ഷകരായത് കാഞ്ഞാർ പൊലീസ്. ദക്ഷിണ കന്നട സ്വദേശി പരശുരാമൻ ശബരിമല പോയിവരുംവഴിയാണ് തമിഴ്നാട് അതിർത്തി പ്രദേശമായ ദിണ്ടികൽ കാട്ടിൽ അകപ്പെട്ടത്. ശാരീരിക വെല്ലുവിളി നേരിടുന്ന പരശുരാമൻ മുച്ചക്ര വാഹനത്തിലാണ് ഏകനായി ശബരിമലക്ക് വന്നത്.
ഇടുങ്ങിയ വഴിയിലെ ചളിക്കുണ്ടിൽ അകപ്പെട്ടതോടെ മുന്നോട്ട് പോകാനാകാതെ വന്നു. പുലർച്ച ഒരുമണി കഴിഞ്ഞതോടെ ചുറ്റുപാടും ആരെയും സഹായത്തിന് കിട്ടിയില്ല. കേരള അതിർത്തിയെന്ന് തെറ്റിദ്ധരിച്ച പരശുരാമൻ ഗൂഗിളിൽ കേരള പൊലീസിനെ തിരഞ്ഞു. ആദ്യം കണ്ടത് കാഞ്ഞാർ പൊലീസ് സ്റ്റേഷൻ നമ്പർ. കാൾ എടുത്തത് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹരീഷാണ്. കന്നട ഭാഷ അറിയാത്ത ഹരീഷ് ഹിന്ദിയിൽ പരശുരാമനുമായി സംസാരിച്ചു. പരശുരാമന്റെ ലൊക്കേഷൻ ലഭിച്ചതോടെ പരിധി തമിഴ്നാടെന്ന് മനസ്സിലാക്കി. പരശുരാമൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തുള്ള ദിണ്ടികൽ സ്റ്റേഷനിലെ നമ്പർ എടുത്ത് നൽകി.
പരശുരാമൻ ദിണ്ടികൽ സ്റ്റേഷനിൽ വിളിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. തമിഴ് അറിയാത്തതും ബുദ്ധിമുട്ടായി. വീണ്ടും കാഞ്ഞാർ സ്റ്റേഷനിലേക്ക് പരശുരാമൻ വിളിച്ചു. ഹരീഷ് കുമളിയിൽ താമസിക്കുന്ന തമിഴ് അറിയാവുന്ന പൊലീസുകാരൻ മഹേഷിനെ വിളിച്ചു. ഇരുവരും ദിണ്ടികൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കോൺഫറൻസ് കാളിൽ വിളിച്ചു. അവർ ഉടൻ റെസ്ക്യൂ സംഘത്തെ സ്ഥലത്തേക്കയച്ച് പുലർച്ച മൂന്നോടെ പരശുരാമനെ രക്ഷപ്പെടുത്തി. ആദ്യവസാനം സ്റ്റേഷൻ പരിധി മറികടന്ന് സഹായം നൽകിയ ഹരീഷിനെ നിരവധിപേർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.