ഇസ്രായേൽ തീർഥാടനം: അന്ന് കാണാതായവർ എവിടെ ?
text_fieldsമലപ്പുറം: ഇസ്രായേലിലേക്ക് തീർഥാടനത്തിനെന്ന വ്യാജേന ടൂർ ഓപറേറ്റർമാർ വഴി അനധികൃതകുടിയേറ്റം നടത്തുന്ന സംഭവങ്ങളിൽ നടപടിയില്ലാതെ പരാതികൾ. കഴിഞ്ഞ മാർച്ചിൽ മലപ്പുറത്തെ ട്രാവൽ ഏജൻസി സംഘടിപ്പിച്ച യാത്രയിൽ പങ്കെടുത്ത നാല് പേർ ഇസ്രായേലിൽ എത്തിയ ശേഷം മുങ്ങിയിരുന്നു. ഇതു സംബന്ധിച്ച് കേരള പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം എവിടെയുമെത്തിയില്ല. അതേ സമയം വിദേശകാര്യമന്ത്രാലയമാണ് ഇൗ വിഷയത്തിൽ ഇടപെടേണ്ടത്. പൊലീസിന് ലഭിക്കുന്ന പരാതികൾ സ്വാഭാവികമായും വിദേശകാര്യമന്ത്രാലയത്തിൽ എത്തേണ്ടതാണ്. സംസ്ഥാനത്ത് ഇത്തരം അനധികൃത വിദേശകുടിയേറ്റക്കാർക്ക് സഹായം ചെയ്യുന്ന സംഘം പ്രവർത്തിക്കുന്നതായാണ് പുതിയ സംഭവം നൽകുന്ന സൂചന. കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ മലായാളി ടൂർ സംഘത്തിലെ ഏഴ് പേർ അപ്രത്യക്ഷരായിരിക്കയാണ്. ഇവർ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ മാർച്ചിൽ മലപ്പുറത്തെ ഇതേ ടൂർ ഓപ്പറേറ്റർമാർ വഴി പോയ തിരുവനന്തപുരം വള്ളക്കടവ് ശൈഖ് മെയ്തീൻ മുഹമ്മദ് കാസിം (55), ആറ്റിങ്ങൽ സ്വദേശി നാസർ നാഹിൽ (29), നെയ്ജു നസ്റുദ്ദീൻ( 52), പുന്നോട് ഇസ്മായിൽ കുഞ്ഞ് (62) എന്നിവരെയാണ് കാണാതായത്.
ഇവരെ കുറിച്ച അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തിലാണ് പുതിയ കാണാതാവൽ. ഇങ്ങനെ മുങ്ങുന്നവരെ സഹായിക്കാൻ ഇസ്രായേലിലും കേരളത്തിലുമായി റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം മുങ്ങിയവർ ഒരേ സബ് ഏജന്റ് വഴിയാണ് പണം അടച്ചത്. സുലൈമാൻ എന്നയാളാണ് ഇവർക്ക് വേണ്ടി പണമടച്ചത്. സുലൈമാന് വേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സംഭവം ആവർത്തിക്കുന്നത് ഈ ടൂർമേഖലയെ ദോഷകരമായി ബാധിക്കുകയാണ്. അനവധി സ്ഥാപനങ്ങളും ഗ്രൂപുകളുമാണ് കേരളത്തിൽ നിന്ന് ഇതുപോലെ വിദേശടൂറുകൾ സംഘടിപ്പിക്കുന്നത്. ഈ സംരംഭങ്ങൾക്ക് ഭീഷണിയാവുന്നതാണ് പുതിയ സംഭവങ്ങൾ. രാജ്യങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലാണ് ഈ വിഷയത്തിൽ വേണ്ടത്. കഴിഞ്ഞ ദിവസം പോയ സംഘത്തിൽ നിന്ന് ഏഴ് പേർ മുങ്ങിയതോടെ കൂടെ യുള്ള 34 പേരെ ഇസ്രായേലിലെ ടൂർ ഏജൻസി തടഞ്ഞുവെചിരിക്കയാണ് എന്നാണ് വിവരം. ഇവരെ നാട്ടിലെത്തിക്കാനും കേന്ദ്രസർക്കാർ ഇടപെടൽ വേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.