ശബരിമല മരക്കൂട്ടത്ത് തിരക്കിൽപെട്ട് തീർത്ഥാടകർക്കും പൊലീസുകാർക്കും പരിക്ക്
text_fieldsശബരിമല: പമ്പാ - സന്നിധാനം ശരണ പാതയിലെ മരക്കൂട്ടത്ത് തിരക്കിൽപെട്ട് നിരവധി തീർത്ഥാടകർക്കും പൊലീസുകാർക്കും പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറോടെ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സന്നിധാനത്തുനിന്നും ആർ.എ.എഫ് സംഘത്തെ അടിയന്തരമായി മരക്കൂട്ടത്ത് എത്തിച്ചു. ആർ.എ.എഫ് സംഘം എത്തി തിരക്ക് നിയന്ത്രിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തീർത്ഥാടകനുമായി സന്നിധാനം ആശുപത്രിയിൽ നിന്നും പമ്പയിലേക്ക് പോയ ആംബുലൻസ് മരക്കൂട്ടത്ത് എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.
ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് തീർത്ഥാടകർക്കും പൊലീസുകാർക്കും പരിക്കേറ്റത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് എത്തുന്ന തീർത്ഥാടകരെ ചന്ദ്രാനന്ദൻ റോഡ് വഴിയാണ് മുൻവർഷങ്ങളിൽ സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നത്. എന്നാൽ ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്കും ഓൺലൈൻ മുഖേനയോ തൽസമയ ഉള്ള ബുക്കിങ് നിർബന്ധമാക്കിയതോടെ ദർശനത്തിന് എത്തുന്ന മുഴുവൻ പേരെയും ശരംകുത്തി വഴിയാണ് ഇപ്പോൾ കടത്തിവിടുന്നത്. ഇതാണ് ശരണപാതയിലും സന്നിധാനത്തും അടക്കം തിരക്ക് വർധിക്കാൻ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.