ശബരിമലയിൽ വാഹനങ്ങൾ മണിക്കൂറുകൾ റോഡിൽ പിടിച്ചിടുന്നത് തീർത്ഥാടകർക്ക് ദുരിതമാകുന്നു
text_fieldsശബരിമല : പമ്പയും സന്നിധാനവും തീർത്ഥാടകരെ കൊണ്ട് നിറഞ്ഞതോടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകൾ റോഡിൽ പിടിച്ചിടുന്നത് തീർത്ഥാടകരെ വലയ്ക്കുന്നു. പത്തനംതിട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ ളാഹ മുതലും എരുമേലിൽ നിന്നുള്ള വാഹനങ്ങൾ കണമല മുതലുമാണ് മണിക്കൂറുകൾ പിടിച്ചിടുന്നത്.
തിരക്ക് വർധിച്ചതോടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള തീർത്ഥാടക വാഹനങ്ങൾ അഞ്ച് മണിക്കൂറിൽ അധികം പിടിച്ചിടുന്ന സ്ഥിതിയാണ് ഉള്ളത്.
ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്നതിനാൽ തീർത്ഥാടകരിൽ ഭൂരിഭാഗവും കുപ്പിവെള്ളം പോലും കരുതാതെയാണ് എത്തുന്നത്. ഇക്കാരണത്താൽ കൊടുങ്കാടിന് മധ്യത്തിൽ പിടിച്ചിടുന്ന വാഹനങ്ങൾക്കുള്ളിൽ അകപ്പെട്ടുപോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർക്ക് ദാഹജലം പോലും ലഭിക്കാത്ത അവസ്ഥയും ഉണ്ട്.
ഇത്തരം ഭാഗങ്ങളിൽ ഭക്തർക്ക് ആവശ്യമായ കുടിവെള്ളവും ലഘു ഭക്ഷണങ്ങളും വിതരണം ചെയ്യാൻ വിവിധ ഭക്തജന സംഘടനകൾ തയാറാണെങ്കിലും ഇതിന് ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടില്ല. ഇലവുങ്കൽ മുതൽ നിലയ്ക്കൽ വരെയുള്ള ഭാഗത്ത് വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതിൽ ഭക്തർക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.