ഉമ്മൻ ചാണ്ടി അവിശ്രമം എന്നതിന്റെ പര്യായപദം; എല്ലാവർക്കും മാതൃക -പിണറായി വിജയൻ
text_fieldsഉമ്മൻ ചാണ്ടി അവിശ്രമം എന്നതിന്റെ പര്യായപദം; എല്ലാവർക്കും മാതൃക -പിണറായി വിജയൻ
തിരുവനന്തപുരം: ഏത് മേഖലയിലുള്ളവർക്കും മാതൃകയാക്കാവുന്ന അനേകം ഗുണങ്ങൾ ഉള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടി ലീഡര്‍ഷിപ് സമ്മിറ്റ് സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുപ്രവർത്തനം ജീവിതത്തിൽ അലിഞ്ഞു ചേർന്ന വ്യക്തിയായിരുന്നു അദ്ദേഹം. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ പ്രശസ്തമായ വരികള്‍ എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാനെന്നാണ് മലയാളത്തില്‍ കടമ്മനിട്ട വിവര്‍ത്തനം ചെയ്തത്. ആ വരികളെഴുതിയത് ഉമ്മൻ ചാണ്ടിയെക്കുറിച്ചാണെന്ന് നമുക്ക് തോന്നും. അവിശ്രമം എന്ന പദത്തിന് എല്ലാനിലയിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. ചെറിയ പ്രതിസന്ധി വന്നാല്‍ തളരാതെ മുന്നോട്ടുപോകാന്‍ പ്രചോദനമാകുന്ന മാതൃകയാണ് ഉമ്മൻ ചാണ്ടിയുടേതെന്നും പിണറായി അഭിപ്രായപ്പെട്ടു.
ബഹുമുഖമായ അറിവും നേതൃഗുണവും കൃത്യമായി ഉൾച്ചേർന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേത്. അദ്ദേഹവുമായി പല കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നു.ചില കാര്യങ്ങളിൽ വിയോജിപ്പും. ഇതേ രീതിയിൽ തന്നെയായിരുന്നു അദ്ദേഹത്തിന് എന്നോടുള്ള ബന്ധവും. യോജിക്കുന്നതും വിയോജിക്കുന്നതും അല്ല പ്രശ്നം. മനസിലുള്ളത് തുറന്നുപറയാൻ സ്വാതന്ത്ര്യമുണേടാ എന്നതാണ് ചർച്ച ചെയ്യേണ്ടത്. അങ്ങനെയുള്ള യോജിപ്പുകളും വിയോജിപ്പുകളും തുറന്ന് പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.-മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായി ഇരുചേരികളിലാണെങ്കിലും ഞങ്ങളുടെ സൗഹൃദത്തിന് കോട്ടം തട്ടിയില്ല.
2016ല്‍ മുഖ്യമന്ത്രിയാവാന്‍ എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുത്തതിന് പിന്നാലെ ആദ്യം സന്ദര്‍ശിച്ചത് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയായിരുന്നു. മികച്ച സഹകരണമാണ് അദ്ദേഹത്തില്‍നിന്നും ലഭിച്ചത്. രാഷ്ട്രീയമായി എതിര്‍പക്ഷത്ത് നില്‍ക്കുമ്പോഴും ക്രിയാത്മക നിര്‍ദേശങ്ങളെ പിന്തുണക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം ഏവര്‍ക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിമര്‍ശിക്കുന്നവും അധിക്ഷേപിക്കുന്നവരും തകര്‍ച്ചകാണാന്‍ ആഗ്രഹിക്കുന്നവരുമുണ്ടാകും. അതൊന്നും നിങ്ങളെ തളര്‍ത്തരുതെന്നും കോണ്‍ക്ലേവില്‍ പങ്കെടുത്ത വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി ഉപദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.