കുഞ്ഞനന്തന് പരോൾ: ഞങ്ങൾ ചെയ്യുന്നത് എല്ലാ സർക്കാറും ചെയ്യുന്ന കാര്യങ്ങൾ മാത്രം
text_fieldsതിരുവനന്തപുരം: സർക്കാറിന് താൽപര്യമുള്ള കൊലക്കേസ് പ്രതികളെ വിട്ടയക്കുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷ ഇളവ് നൽകാൻ സർക്കാർ പരിശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സി.ആർ.പി.സി 432 പ്രകാരം ജീവപര്യന്തം തടവുകാർക്ക് ഇളവ് അനുവദിക്കുന്നതിൽ ചില ചട്ടങ്ങളുണ്ട്. ടി.പി കേസിൽ സർക്കാറിന്റെ അപ്പീൽ കോടതിയിൽ നിലനിൽക്കെയാണ് കുഞ്ഞനന്തന് ശിക്ഷ ഇളവ് നൽകാൻ ശ്രമിക്കുന്നതെന്ന് സണ്ണി ജോസഫ് എം.എൽ.എ ആരോപിച്ചു. അപ്പീൽ നിലനിൽക്കുന്നുണ്ടെങ്കിൽ ഇളവ് പാടില്ല. ഇത് പരിഗണിക്കാതെയാണ് നടപടികൾ സർക്കാർ തുടരുന്നത്. കുഞ്ഞനന്തൻ തന്റെ സുഹുത്താണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. സുഹൃത്തിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തി.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണവുമായി രംഗത്തെത്തി. നിലവിലുള്ള നിയമങ്ങൾ അനുസരിച്ചേ കുഞ്ഞനന്തൻെറ കാര്യത്തിൽ നടപടിയെടുത്തിട്ടുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിയ്യൂരിൽ 19 പേർക്ക് പരോൾ അനുവദിച്ചു. ടി.പി കേസിലെ പ്രതികളുടെ കാര്യം കമ്മറ്റി പരിഗണിച്ചു. ചട്ടപ്രകാരം മാത്രമേ ഇക്കാര്യത്തിൽ നടപടി എടുത്തിട്ടുള്ളു. മുൻ സർക്കാർ സ്പെഷ്യൽ റിവിഷൻ പ്രകാരം 400 ലേറെ തടവുകാർക്ക് ഇളവ് അനുവദിച്ചിരുന്നു. ഈ സർക്കാർ ഇത്തരത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. എല്ലാ സർക്കാറും നടത്തുന്ന കാര്യം മാത്രമേ ഈ സർക്കാരും നടത്തിയിട്ടുള്ളു. ഇക്കാര്യത്തിൽ നടപടിയിൽ രാഷ്ട്രീയം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന ആശങ്കക്ക് ഇപ്പോൾ അടിസ്ഥാനമില്ല. നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷമേ ആരെയും വിട്ടയക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞനന്തനെ മോചിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്ന മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു. കുഞ്ഞനന്തനെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങി കഴിഞ്ഞു. 16 തവണയാണ് ഇയാൾക്ക് ഇതിനകം പരോൾ ലഭിച്ചത്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പരോൾ അനുവദിച്ചത്.
പരോളിൽ ഇറങ്ങിയ കുഞ്ഞനന്തൻ നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുത്തു. ടി.പി കേസിലെ പ്രതികൾക്ക് സുഖ ചികിത്സ നൽകുന്നു. പാർട്ടിക്ക് ഇഷ്ടമുള്ള കൊലയാളികളെ വിട്ടയക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിൻെറ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.