മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർ കടക്കേണ്ടെന്ന് കൽപന
text_fieldsതൃശൂർ: സര്‍ക്കാർ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് തൃശൂരിൽ നടന്ന മുഖ്യമന്ത്രിയുടെ രണ്ട് പരിപാടികളിൽ മാധ്യമപ്രവർത്തകർ കടക്കേണ്ടെന്ന് കൽപന. സാഹിത്യ അക്കാദമിയിൽ നടന്ന സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിലും നഗരത്തിലെ ഒരു ഹോട്ടലിൽ നടന്ന വ്യവസായികളുമായുള്ള മുഖാമുഖത്തിലുമാണ് മാധ്യമ പ്രവര്‍ത്തകർ കടന്നുപോകരുതെന്ന് ഉത്തരവ് വന്നത്.
രാവിലെ 10ന് സാഹിത്യ അക്കാദമിയിൽ നടന്ന സാംസ്കാരിക മുഖാമുഖം റിപ്പോർട്ട് ചെയ്യാൻ ചെന്ന മാധ്യമപ്രവർത്തകരെ ഇത് അടച്ചിട്ട പരിപാടിയാണെന്നും മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കേണ്ടെന്ന് അറിയിപ്പുണ്ടെന്നും പറഞ്ഞ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രതിനിധി തടഞ്ഞു. അകത്ത് കയറിയ ഒന്ന് രണ്ട് ്മാധ്യമ പ്രവർത്തകരെ ജില്ല ഇൻഫർമേഷൻ ഒാഫിസർ പുറത്താക്കി. യോഗം തുടങ്ങിയപ്പോൾ മുഖവുരയിൽ ഇത്തരം പരിപാടിയിൽ മാധ്യമ പ്രവർത്തകർ ഇരിക്കേണ്ടതില്ലെന്ന് അറിയാമല്ലോ എന്ന് മുഖ്യമന്ത്രി തന്നെ മൈക്കിലൂെട ഒാർമിപ്പിച്ചു. ഒറ്റ സാംസ്കാരിക നായകൻ പോലും ഇതിനോട് പ്രതികരിച്ചില്ല.
ഹോട്ടലിൽ വ്യവസായികളുടെ സംഗമം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരോടും ഹാളിൽ കയറേണ്ടെന്നും വാർത്ത തങ്ങൾ തരാമെന്നും പി.ആർ.ഡി പ്രതിനിധി പറഞ്ഞു. എന്നാൽ, മാധ്യമ പ്രവർത്തകരെ ഒഴിവാക്കി ‘രഹസ്യമായി’ നടത്തിയ പരിപാടിയിലെ ചർച്ചകൾ മൈക്കിലൂടെ പുറത്ത് ഉച്ചഭാഷിണികളിൽ കേൾക്കാമായിരുന്നു. മാധ്യമ പ്രവർത്തകർക്ക് വിലക്കുള്ള കാര്യം മുൻകൂട്ടി പറഞ്ഞിരുന്നില്ല. പൊലീസിനും മറ്റ് ഉദ്യേഗസ്ഥർക്കും ഇതെല്ലാം അറിയാമായിരുന്നു. സംസ്ഥാന സര്‍ക്കാറിെൻറ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമിയില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കേണ്ടതില്ലെന്ന കാര്യം നേരത്തെ അറിയിക്കാത്ത ബന്ധപ്പെട്ടവരുടെ നടപടിയിൽ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തൃശൂർ ജില്ല ഘടകം പ്രതിഷേധിച്ചു. പരിപാടിയിൽ മാധ്യമപ്രവർത്തകർ പെങ്കടുക്കേണ്ടതില്ലെന്ന കാര്യം അധികൃതർ നേരത്തെ അറിയിക്കണമായിരുന്നു എന്ന് ജില്ല പ്രസിഡൻറ് കെ. പ്രഭാതും സെക്രട്ടറി എം.വി. വിനീതയും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.