Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിക്ക് പകൽ...

പിണറായിക്ക് പകൽ ബി.ജെ.പി വിരോധം, രാത്രിയിൽ ഇടനിലക്കാരെ വെച്ച് ചർച്ച -വി.ഡി സതീശൻ

text_fields
bookmark_border
പിണറായിക്ക് പകൽ ബി.ജെ.പി വിരോധം, രാത്രിയിൽ ഇടനിലക്കാരെ വെച്ച് ചർച്ച -വി.ഡി സതീശൻ
cancel

പാര്‍ട്ടി സെക്രട്ടറിയായി 16 വര്‍ഷം ഇരുന്നപ്പോള്‍ ഉണ്ടായിരുന്ന വികസന വിരുദ്ധതയുടെ ഒരു ഭൂതകാലം വിസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ വികസന വിരുദ്ധതയുടെ പര്യായമായിരുന്നു പിണറായി. കേരളത്തില്‍ വികസനത്തിന്റെ സ്മാരകങ്ങളായി അടയാളപ്പെടുത്തിയിട്ടുള്ളതെല്ലാം യു.ഡി.എഫ് സര്‍ക്കാരുകളുടെ പേരിലാണ്.

കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിനും വിഴിഞ്ഞം പദ്ധതിക്കും എതിരായ നിലപാടെടുത്ത വ്യക്തിയാണ് പിണറായി. നാഷനല്‍ ഹൈവേക്കും ഗെയില്‍ പൈപ്പ് ലൈനിനും സ്ഥലം ഏറ്റെടുത്തപ്പോള്‍ അതിനെതിരെ സമരം ചെയ്തവരാണ് സി.പി.എം. ഗെയില്‍ പൈപ്പ് ലൈന്‍ ഭൂമിക്കടിയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബോംബാണെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ പിണറായി മന്ത്രിസഭയിലുണ്ട്. അദ്ദേഹം പ്രതിപക്ഷത്തെയും യു.ഡി.എഫിനെയും വികസനം എന്താണെന്ന് പഠിപ്പിക്കാന്‍ വരേണ്ട.

വികസനം വേണം, വിനാശം വേണ്ടെന്നാണ് യു.ഡി.എഫ് പറയുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി വിനാശകരമായ പദ്ധതിയാണ്. കേരളത്തെ പാരിസ്ഥിതികമായും സാമൂഹികമായും സാമ്പത്തികമായും ഇത് തകര്‍ക്കും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൊടുക്കാന്‍ 500 കോടി രൂപ കെ.എഫ്.സിയില്‍ നിന്നും ഏഴര ശതമാനം പലിശക്ക് കടം വാങ്ങിയിരിക്കുകയാണ്.

കുഞ്ഞുങ്ങള്‍ക്ക് പാലും മുട്ടയും കൊടുക്കാനോ പൊലീസിന് ഡീസല്‍ അടിക്കാനോ പൈസ കൊടുക്കാനില്ല. ഇത്രയും പരിതാപകരമായ സാമ്പത്തിക സ്ഥിതിയുള്ള കേരളത്തില്‍ എന്തിനാണ് രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി കൊണ്ടു വരുന്നതിന് വാശി പിടിക്കുന്നത്?. ഇതിന് പിന്നില്‍ അഴിമതിയാണ്. അതിനു വേണ്ടി യു.ഡി.എഫിനെ വികസന വിരുദ്ധരായി മുദ്ര കുത്തേണ്ട. വികസന വിരുദ്ധതയുടെ തൊപ്പി ഏറ്റവും നന്നായി ചേരുന്നത് പിണറായി വിജയനാണ്.

ബി.ജെ.പിയാണ് ഞങ്ങളുടെ മുഖ്യ ശത്രുക്കളെന്നാണ് ഇപ്പോള്‍ പിണറായി പറയുന്നത്. പകല്‍ ബി.ജെ.പി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ ബി.ജെ.പി നേതാക്കളുമായും സംഘപരിവാറിലെ ഡല്‍ഹിയിലെ നേതാക്കളുമായും ഇടനിലക്കാരെ വച്ച് ഒത്തുതീര്‍പ്പുണ്ടാക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. അങ്ങനെയുള്ളയാള്‍ ബി.ജെ.പി വിരോധം പറയുന്നതു കേട്ടാല്‍ ചിരിച്ചു പോകും.

സില്‍വര്‍ ലൈനിനു വേണ്ടി പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ ശരീര ഭാഷയെ വ്യാഖ്യാനിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇവര്‍ക്കിടയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് സംസ്ഥാന സര്‍ക്കാരിനെതിരെയായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. ബി.ജെ.പി വോട്ടുകള്‍ മുഴുവന്‍ പോയത് സി.പി.എമ്മിനാണ്. വലിയ കൊടുക്കല്‍ വാങ്ങലുകളാണ് നടന്നത്. അതിന്റെ ഭാഗമായാണ് കുഴല്‍പ്പണ ഇടപാട് ഒതുക്കി തീര്‍ത്തത്.

അതിന് പകരമായി കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിനെതിരെ അന്വേഷിക്കുന്ന കേസുകള്‍ ഒതുക്കിത്തീര്‍ത്തു. രാത്രിയാകുമ്പോള്‍ ധാരണയുണ്ടാക്കുന്നവര്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ബി.ജെ.പി വിരോധം പഠിപ്പിക്കാന്‍ വരേണ്ട. ഇടനിലക്കാരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ പ്രതീക്ഷ മുഴുവന്‍ അതിലാണ്. അല്ലാതെ മോദിയുടെ ശരീര ഭാഷ കണ്ടിട്ടല്ല സില്‍വര്‍ ലൈനിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി പറയുന്നത്.

സര്‍ക്കാര്‍ സില്‍വര്‍ ലൈനിനു പിന്നാലെ പോകാതെ ഭരിക്കാന്‍ നോക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന. കെ.എസ്.ഇ.ബിയില്‍ ചെയര്‍മാനും മന്ത്രിക്കും എതിരെ ട്രേഡ് യൂണിയന്‍ നേതാക്കളെ ഇളക്കി വിട്ടിരിക്കുകയാണ്. ജീവനക്കാര്‍ മെല്ലെപ്പോക്ക് സമരത്തിലാണ്. തിരുവനന്തപുരത്ത് കാറ്റുണ്ടായപ്പോള്‍ തകര്‍ന്ന വൈദ്യുതി വിതരണ ശൃംഖല പുനസ്ഥാപിക്കാന്‍ 18 മണിക്കൂറെടുത്തു. ഇതൊക്കെ ഒന്ന് പരിഹരിച്ച് ഭരിക്കാന്‍ മുഖ്യമന്ത്രി കൂടുതല്‍ സമയം കണ്ടെത്തണം.

ഗുണ്ടകള്‍ മനുഷ്യനെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഗുണ്ടകള്‍ പൊലീസുകാരനെ മര്‍ദ്ദിക്കുന്നു. എല്ലാം പാര്‍ട്ടിക്ക് വിട്ടുകൊടുത്ത് മുഖ്യമന്ത്രി വെറുതെയിരിക്കുകയാണ്. പൊലീസിനെ ഭരിക്കുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരാണ്. ന്യൂനപക്ഷ തീവ്രവാദികളും ഭൂരിപക്ഷ തീവ്രവാദികളും നുഴഞ്ഞു കയറി പൊലീസില്‍ കുഴുപ്പങ്ങളുണ്ടാക്കുന്നു. സി.പി.ഐ നേതാക്കളായ ഡി രാജയും ആനി രാജയും പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാര്‍ട്ടിക്കാരില്‍ നിന്നും ഭരണത്തെ മോചിപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇനിയെങ്കിലും ഭരിക്കാന്‍ ശ്രമിക്കണം.

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാണ് സില്‍വര്‍ ലൈന്‍ കൊണ്ടു വരുന്നതെന്നു പറയുന്നത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയെ ദയാവദത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. 17 ലക്ഷം കിലോ മീറ്റര്‍ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സി പത്ത് ലക്ഷം കിലോ മീറ്ററിന് താഴെയായി. രണ്ടായിരം ഷെഡ്യൂളുകളാണ് വെട്ടിച്ചുരുക്കിയത്. നാല്‍പ്പത്തി ഏഴായിരം ജീവനക്കാരുണ്ടായിരുന്നത് ഇരുപത്തി ഏഴായിരമാക്കി. ലാഭത്തില്‍ ഒാടുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ ഒന്നിച്ചാക്കിയാണ് ഇപ്പോള്‍ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചത്.

നഷ്ടത്തിലോടുന്ന 85 ശതമാനത്തോളം സര്‍വീസുകളുടെ ഭാരം കെ.എസ്.ആര്‍.ടി.സിയുടെ തലയിലായി. നഷ്ടം നൂറ് ശതമാനം ആകുന്നതോടെ കെ.എസ്.ആര്‍.ടി.സി ഇല്ലാതാകും. പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ച് പുരപ്പുറത്ത് കയറി ഇരുന്ന് സംസാരിക്കുന്നവര്‍ സ്വിഫ്റ്റ് കമ്പനിയില്‍ നിയമിച്ചിരിക്കുന്നത് കരാര്‍ തൊഴിലാളികളെയാണ്. കെ.എസ്.ആര്‍.ടി.സിയെയും അവിടെയുള്ള സ്ഥിരം ജീവനക്കാരെയും പെരുവഴിയില്‍ ഇറക്കിവിട്ട് സ്വിഫ്റ്റ് കമ്പനി രൂപീകരിച്ച് കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ഇത് എന്ത് ഇടതു പക്ഷ നയമാണ്? സില്‍വര്‍ ലൈന്‍, കെ.എസ്.ആര്‍.ടി.സി വിഷയങ്ങളില്‍ സര്‍ക്കാരിന് തീവ്ര വലതുപക്ഷ നയമാണ്.

കെ.വി തോമസ് എന്റെ ഗുരുനാഥന്‍ കൂടിയാണ്. അദ്ദേഹം പാര്‍ട്ടി അച്ചടക്കത്തിന്റെ ഫ്രെയിമില്‍ നില്‍ക്കുന്നയാളാണ്. പാര്‍ട്ടി തീരുമാനം എടുത്താല്‍ അദ്ദേഹം അതില്‍ ഉറച്ച് നില്‍ക്കും. കോണ്‍ഗ്രസിന് ദോഷകരമായ ഒരു കാര്യവും ചെയ്യില്ലെന്നാണ് വിശ്വാസം. അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഏതു സ്ഥാനത്തേക്ക് വരാനും അര്‍ഹനായ ആളാണ്. ഡി.സി.സി അധ്യക്ഷന്‍, കെ.പി.സി.സി ട്രഷറര്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ്, എം.എല്‍.എ, എം.പി, സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏത് ഉത്തരവാദിത്തവും ഭംഗിയായി ചെയ്യാന്‍ കഴിവുള്ള ആളാണ് കെ.വി തോമസ്.

ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ യോജിക്കണമെന്ന് സി.പി.എമ്മില്‍ ചര്‍ച്ച വന്നപ്പോള്‍ കോണ്‍ഗ്രസ് വേണ്ടെന്ന നിലപാടാണ് പിണറായി വിജയനും കേരള ഘടകവും സ്വീകരിച്ചത്. കേരള ഘടകം കോണ്‍ഗ്രസ് വിരുദ്ധരും ബി.ജെ.പിയോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല കോണ്‍ഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അവരോട് സഖ്യം ചെയ്യേണ്ട ഒരാവശ്യവും കോണ്‍ഗ്രസിനില്ല.

പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസാണ് തീരുമാനിച്ചത്. അവരുമായി സഹകരിക്കേണ്ടതില്ലെന്നതാണ് നിലപാട്. പ്രത്യേകിച്ചും കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍. ഞങ്ങളുടെ എത്ര പേരെയാണ് കൊലചെയ്തത്. എത്ര പേരുടെ രക്തം വീണ് കിടക്കുന്ന മണ്ണാണ് കണ്ണൂര്‍. ഞങ്ങള്‍ക്ക് അതിന് പറ്റുന്നില്ല. അത്രയൊക്കെ വിശാല മനസേ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനൂള്ളൂ എന്ന് കരുതിയാല്‍ മതി. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോര വീണ് കിടക്കുന്ന മണ്ണില്‍ പോയി സി.പി.എം നേതാക്കളുമായി കൈ കൊടുക്കാന്‍ മനസില്ലാത്ത നേതൃത്വമാണ് കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. ഇടുങ്ങിയ ചിന്താഗതിയാണ് ഇക്കാര്യത്തിലെന്ന് ചിന്തിച്ചാലും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. അതാണ് കേരളത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ്.

പോളിറ്റ് ബ്യൂറോയില്‍ ദലിതരില്ലാത്തത് ചരിത്രപരമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഇത് വരേണ്യ വര്‍ഗക്കാരുടെയും ഉന്നത കുലജാതരുടെയും പാര്‍ട്ടി ആണെന്നല്ലേ ചരിത്രം. ഇവര്‍ ചരിത്രം തിരുത്തിക്കുറിക്കുന്ന വിപ്ലവകാരികളല്ലേ? കോണ്‍ഗ്രസില്‍ മുസ്ലീംകളും ക്രിസ്ത്യാനികളും കുറവാണെന്ന് പറഞ്ഞയാളാണ് കോടിയേരി. എം.എ ബേബി പി.ബിയില്‍ ഇരിക്കുന്നത് ക്രിസ്ത്യന്‍ ക്വാട്ടയിലാണോ? പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നതിന് തെളിവാണ് യെച്ചൂരിയുടെ ലേഖനം. മതവും ജാതിയും നോക്കിയ ശേഷം മറ്റുള്ളവരെ കുറ്റപ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi
News Summary - Pinarayi against BJP during the day and discussions with intermediaries at night - VD Satheesan
Next Story