പിണറായിയോടുള്ളത് ചെഗുവേര, ലെനിൻ തുടങ്ങിയവരോട് തോന്നുന്ന ആരാധനയായി കണ്ടാൽ മതി -ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: പിണറായി വിജയൻ ഒരുപാട് കഴിവുള്ളയാളാണെന്നും അതെല്ലാവരും അംഗീകരിച്ചതാണെന്നും അദ്ദേഹത്തോടുള്ള ആരാധനയുടെ ഭാഗമായുണ്ടാകുന്ന കലാസൃഷ്ടിയാണ് ചില വിശേഷണങ്ങളെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ചെഗുവേര, ലെനിൻ തുടങ്ങിയ ഇതിഹാസ പുരുഷന്മാരോട് തോന്നുന്ന ഒരാരാധനയായി അതിനെ കണ്ടാൽ മതിയെന്നും അതൊന്നും വ്യക്തിപൂജയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ, ഭരണ, സംഘടന രംഗത്ത് പിണറായിയുടെ കഴിവ് വലുതാണ്. ഇതെല്ലാം ആരാധനയോടെ കാണുമ്പോഴാണ് പല വിശേഷണങ്ങൾ അദ്ദേഹത്തിന് നൽകുന്നത്. അതിനെ ആനിലക്ക് കാണുന്നതിനു പകരം പിണറായി വിരോധം മനസ്സിൽ സൂക്ഷിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നതാണ് പ്രശ്നമെന്നും ഇ.പി. ജയരാജൻ വിശദീകരിച്ചു.
വ്യക്തിപൂജയെ കമ്യൂണിസ്റ്റുകാർ ഒരിക്കലും അംഗീകരിക്കില്ല. ചെഗുവേരയുടെ ചിത്രമുള്ള ബനിയൻ ഇട്ടുനടക്കുന്നത് ആരാധനയാണ്. ചിലർ കവിതയും പാട്ടും എഴുതും. കാരണഭൂതൻ, സൂര്യൻ തുടങ്ങിയ വിശേഷണമെല്ലാം അങ്ങനെയാണോ എന്ന് ചോദിച്ചപ്പോൾ ‘നിങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് പ്രശ്ന’മെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പി. ജയരാജനെ പുകഴ്ത്തി പാട്ടുണ്ടാക്കിയതിന് പാർട്ടി നടപടിയെടുത്തില്ലേ എന്ന ചോദ്യത്തിന്, അദ്ദേഹം സ്വയം തിരുത്തിയതാണെന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
പാർട്ടിയെ അവമതിക്കുന്ന തരത്തിൽ ചിലർ പി.ജെ ആർമിയുണ്ടാക്കി. അതിനെ പി. ജയരാജൻ തന്നെ തള്ളിപ്പറഞ്ഞപ്പോൾ എല്ലാം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ പിണറായി വിജയനും തള്ളിപ്പറയാമല്ലോ എന്ന ചോദ്യത്തിന് എന്തിന് അദ്ദേഹം പറയണം, പാർട്ടി പറഞ്ഞാൽ പോരേയെന്നായിരുന്നു ഇ.പി. ജയരാജന്റെ മറുപടി. പാർട്ടിയും പിണറായിയുമെല്ലാം ഒന്നാണെന്നും എല്ലാ കാര്യങ്ങളും പാർട്ടി ചർച്ചചെയ്യാറുണ്ടെന്നും സ്വയം വിമർശനം നടത്താറുണ്ടെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.