പിണറായി സർക്കാരിന് ഇടതുപക്ഷ മുഖം നഷ്ടപ്പെട്ടെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: തൊഴിലാളികളെയും കർഷകരെയും പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അവഗണിച്ച പിണറായി സർക്കാരിന് ഇടതുപക്ഷ മുഖം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സർക്കാർ സമ്പന്നന്മാർക്കും മുതലാളിമാർക്കും വേണ്ടി കണ്ണടച്ച് ഒത്താശ ചെയ്യുകയാണ്. സംസ്ഥാനത്തെ മിനിമം വേജസ് ഉപദേശക സമിതി വർഷങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്ത12 മിനിമം വേജസ് നോട്ടിഫിക്കേഷനുകൾ നടപ്പാക്കാതെ മുതലാളിമാർക്ക് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ അവസരം ഒരുക്കിയത് ഇതിന് ഏറ്റവും വലിയ തെളിവാണെന്നും കേരള ചരിത്രത്തിൽ ഇത്രയേറെ മിനിമം വേജസ് നോട്ടിഫിക്കേഷനുകൾക്ക് സ്റ്റേ ലഭിച്ചത് പിണറായി ഭരണത്തിൽ മാത്രമാണെന്നും സതീശൻ പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ സമ്പൂർണമായി ചവിട്ടി മെതിക്കപ്പെടുന്നു. ക്ഷേമ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും ഇല്ല. വിലക്കയറ്റം രൂക്ഷമായി. പരമ്പരാഗത വ്യവസായങ്ങൾ തകർന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്തംഭനാവസ്ഥയിലാണ്. തൊഴിലാളികൾക്ക് ശമ്പളവും പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും ഗ്രാറ്റുവിറ്റിയും ബോണസും നൽകുന്നില്ല. ഇതിനെതിരെ വലിയ തൊഴിലാളി മുന്നേറ്റം സംസ്ഥാനത്തുണ്ടാകണമെന്നും സതീശൻ പറഞ്ഞു.
സർക്കാർ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണകൂടമായി മാറണമെന്നും കേരള സർക്കാർ ഇനിയും ജനവഞ്ചന തുടർന്നാൽ വരാനിരിക്കുന്ന നാളുകളിൽ അതിശക്തമായ പ്രക്ഷോഭസമരങ്ങളെ പിണറായി സർക്കാരിന് നേരിടേണ്ടി വരും. തോട്ടം തൊഴിലാളികൾ ,മോട്ടോർ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ ആശാവർക്കർമാർ ,അംഗൻവാടി ജീവനക്കാർ ,നിർമ്മാണ തൊഴിലാളികൾ, പരമ്പരാഗത വ്യവസായമേഖലകളിലെ തൊഴിലാളിക ളടക്കം സമസ്ത വിഭാഗങ്ങളും ദുരിതക്കയത്തിലാണെന്നും സതീശൻ ചൂണ്ടിക്കാണിച്ചു.
തൊഴിലാളികളെയും കർഷകരെയും പാടെ അവഗണിക്കുന്ന മോഡി ഭരണത്തിന്റെ നടപടികൾക്ക് തുല്യം ചാർത്തുന്ന നിലപാടുകളാണ് പിണറായിയുടെതെന്നും ആശ,അംഗനവാടി, എൻ.എച്ച് എം ഉൾപ്പെടെയുള്ള പദ്ധതി തൊഴിലുകളിൽ പെടുന്നവർ അഞ്ചുവർഷം സ്ഥിരമായി തൊഴിൽ ചെയ്താൽ അവരെ സ്ഥിരപ്പെടുത്തണമെന്ന ഐഎൻടിയുസിയുടെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സമര പരിപാടിയിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ . ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് വി.ആർ. പ്രതാപൻ, കെ.കെ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.