പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ സന്നദ്ധമാകണം -ഹുച്ചംഗി പ്രസാദ്
text_fieldsതിരുവനന്തപുരം: പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്നെ വാഗ്ദാനം പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്നദ്ധമാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ വൈസ് പ്രസിഡന്‍റ് ഹുച്ചംഗി പ്രസാദ് ആവശ്യപ്പെട്ടു. 'പൗരത്വ പ്രക്ഷോഭം: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ജ്വാല പകർന്ന രണ്ടു വർഷങ്ങൾ' തലക്കെട്ടിൽ ഗാന്ധിപാർക്കിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വർധിച്ചുവരുന്ന മുസ്‌ലിം വിരുദ്ധതക്കെതിരിൽ പ്രതിരോധം തീർക്കാൻ പൗരത്വ സമരത്തിന്‍റെ ഓർമകൾ കരുത്ത് പകരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 'ഹിന്ദു രാജ്യത്തിന്' വേണ്ടിയുള്ള പ്രചാരണങ്ങൾ കൊണ്ടു ഹിന്ദുത്വത്തെ തടഞ്ഞുനിർത്താമെന്ന കോൺഗ്രസ് സ്വപ്‍നം സ്വന്തം ചരിത്രത്തിൽനിന്ന് ഒരു പാഠവും ഉൾക്കൊണ്ടില്ല എന്ന പ്രഖ്യാപനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനന രജിസ്റ്ററിന്‍റെ മറവിലൂടെ പൗരത്വ പട്ടിക തയാറാക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ ജാഗ്രതയോടെ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിന്‍റെ തന്നെ നേതൃത്വത്തിൽ മുസ്‌ലിം വിരുദ്ധത വളർത്താനും സാമുദായിക ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു. സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം അപരവൽക്കരണങ്ങൾക്കും പൈശാചികവൽക്കരണങ്ങൾക്കുമെതിരായി പൗരത്വ സമര പ്രക്ഷോഭത്തിന് സമാനമായ ജനകീയ പ്രതിരോധങ്ങൾ കേരളത്തിൽ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്‍റെയും ആർ.എസ്.എസ് ഗുണ്ടകളുടെയും വെടിവെപ്പിൽ രക്തസാക്ഷികളായവരുടെയും മർദനത്തിൽ പരിക്കേറ്റവരുടെയും രക്തവും വിയർപ്പും ത്യാഗവും കൊണ്ടായിരിക്കും സാമൂഹിക നീതി പുലരുന്ന നവജനാധിപത്യ ഇടങ്ങൾ സൃഷിടിക്കപ്പെടുകയെന്ന് ചടങ്ങിൽ സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ പോരാളിയുമായ ആയിഷ റെന്ന പറഞ്ഞു. കള്ളക്കേസ് ചുമത്തി ജയിലിലടച്ച ഷർജീൽ ഇമാം ഉൾപ്പെടെയുള്ള മുഴുവൻ പൗരത്വ പ്രക്ഷോഭ പോരാളികളെയും ഉടൻ വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിൽനിന്നും ജാമിഅ മില്ലിയ യൂനിവേഴ്‍സിറ്റിയിൽനിന്നും ആരംഭിച്ച പൗരത്വ പ്രക്ഷോഭങ്ങളോട് രാജ്യത്തെ പല പുരോഗമന കലാലയങ്ങളും പുലർത്തിയ മൗനം മുസ്‌ലിം പ്രശ്നങ്ങളോട് സമൂഹം പുലർത്തുന്ന മൗനത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നതെന്ന് പൗരത്വ പ്രക്ഷോഭ പോരാളി ലദീദ ഫർസാന പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു.
എൻ.എം. അൻസാരി, എസ്. മുജീബ്റഹ്മാൻ, മഹേഷ് തോന്നയ്ക്കൽ, നൗഫ ഹാബി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ സംസാരിച്ചു. പൗരത്വ പ്രക്ഷോഭ പോരാളികൾക്ക് എതിരെ എടുത്ത മുഴുവൻ കള്ളക്കേസുകളും ഉടൻ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് ആണ് പ്രമേയം അവതരിപ്പിച്ചത്.
സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി പാർക്കിൽ എത്തിയതോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനത്തിൽ മുസ്‌ലിം വിരുദ്ധതക്കും സംഘ് പരിവാർ ഭരണകൂടതിനുമെതിരായി ശക്തമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. പ്രകടനത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിമാരായ ഫാത്തിമ നൗറിൻ, അമീൻ റിയാസ്, എ. ആദിൽ, ഷഹിൻ ഷിഹാബ്, സെക്രട്ടേറിയറ്റംഗം സയ്യിദ് ഉമർ തങ്ങൾ, ജില്ലാ നേതാക്കളായ രഞ്ജിനി മഹേഷ്, സയീദ് ഇബ്രാഹിം, നബീൽ നാസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.