അൻവറിന്റെ വെളിപ്പെടുത്തൽ: പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല -റസാഖ് പാലേരി
text_fieldsപെരിന്തൽമണ്ണ: ഭരണകക്ഷി എം.എൽ.എയായ പി.വി അൻവറിന്റെ വെളിപ്പെടുത്തലോടെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാനുള്ള ധാർമികാവകാശം നഷ്ടമായെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. പെരിന്തൽമണ്ണയിൽ എഫ്.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇക്കാര്യങ്ങൾ നടന്നത് എന്ന വിവരം മാത്രമേ ഇനി അറിയാൻ ബാക്കിയുള്ളൂ. ഏത് നിലക്കും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് അനർഹനാണ് എന്ന് തെളിയിച്ചിരിക്കുന്നു. എം.എൽ.എ.യുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഉന്നതല അന്വേഷണം ഉടനടി നടക്കണം. നിയമസഭാംഗത്തിന്റെ വെളിപ്പെടുത്തലിന്‍റെ വസ്തുത പരിശോധിക്കുവാൻ കഴിയുന്ന അന്വേഷണ സംവിധാനത്തെ ഇതിനായി നിയോഗിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാർ ഒരു കാരണവശാലും ഇത്തരം ഒരു അന്വേഷണ സംഘത്തിൽ ഉണ്ടാകാൻ പാടില്ല.
പി.വി അൻവറിന്റെ വെളിപ്പെടുത്തൽ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ് സംഘ്പരിവാറും കേരള പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്ന അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.തൃശ്ശൂരിലെ സംഘ്പരിവാർ വിജയം ഈ അച്ചുതണ്ടിന്റെ സമ്മാനമാണ് എന്നാണ് അൻവറിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. ഇത് ശരിയാണെങ്കിൽ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയേണ്ടതുണ്ട്. തൃശ്ശൂരിലെ വിജയത്തിന് പകരമായി എന്ത് ഡീൽ ആണ് ഉണ്ടായതെന്ന കാര്യം അറിയാൻ കേരളത്തിന് അവകാശമുണ്ട്.
കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർ ക്രിമിനൽ സ്വഭാവത്തോടുകൂടി പ്രവർത്തിക്കുന്നവരാണെന്ന ആക്ഷേപം നേരത്തെ നിലനിൽക്കുന്നതാണ്. അത് സാധൂകരിക്കുന്നതാണ് പുതിയ ആരോപണം. സ്വർണ്ണക്കടത്ത് പോലെയുള്ള കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരണം. മരം മുറിയേക്കാൾ വലിയ കുറ്റകൃത്യങ്ങളാണ് ഇവരുടെ നേതൃത്വത്തിൽ നടന്നിരിക്കുന്നത്. ആരോപണ വിധേയനായ എ.ഡി.ജി.പി അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയാറാകണം.
മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും അന്വേഷണ വിധേയമാക്കണം. ഡാംസാഫ് പോലെയുള്ള പ്രത്യേക അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സുജിത് ദാസ് മലപ്പുറത്ത് നടത്തിയ പ്രവർത്തനങ്ങൾ അങ്ങേയറ്റം ജനദ്രോഹകരമായിരുന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുകയും ഉയർന്ന പദവികൾ നൽകി പരിഗണിക്കുകയും ആണ് സർക്കാർ ചെയ്തിരുന്നത്. ഇതിന്‍റെ പിന്നിലെ ഉദ്ദേശവും പുറത്തു വരേണ്ടതുണ്ട്. കേരള പൊലീസിലെ സംഘ്പരിവാർ അനുകൂലികളെ കണ്ടെത്തി കർശനമായ നടപടികൾക്ക് വിധേയമാക്കിയില്ലെങ്കിൽ സേനയെ ഉപയോഗിച്ച് കേരളത്തിൽ സംഘ്പരിവാർ സ്വാധീനം വർധിപ്പിക്കുവാനുള്ള ശ്രമം ശക്തിപ്പെടും.
ഇക്കാര്യങ്ങളിൽ നീതിപൂർവമായ നടപടികൾക്ക് സർക്കാർ സന്നദ്ധമാവുന്നില്ലെങ്കിൽ ശക്തമായ ജനരോഷത്തെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സിനിമാ മേഖലയിൽ ഉയർന്നുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച് തൊഴിൽ നിയമങ്ങൾക്ക് വിധേയമാക്കാൻ സർക്കാർ സന്നദ്ധമാകണം. ജനപ്രതിനിധി അടക്കമുള്ള സിനിമ നടന്മാർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണവും കർശന നിയമനടപടികളും ഉണ്ടാകണമെന്നും റസാഖ് പാലേരി പറഞ്ഞു.
എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്‍റ് നാസർ കീഴുപറമ്പ്, അസറ്റ് ചെയർമാൻ എസ്. കമറുദ്ദീൻ, വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് വി.എ ഫായിസ, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് കെ.എം. ഷെഫ്രിൻ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡൻറ് അസ്‌ലം ചെറുവാടി, വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്‍റ് അതീഖ് ശാന്തപുരം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.