പിണറായി 'പാർട്ടി കോൺഗ്രസ്'
text_fieldsകണ്ണൂർ: നായനാർ അക്കാദമിയുടെ മുറ്റത്ത് ചിതറിനിന്നവരുടെ ഇടയിലേക്കാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വന്നുനിന്നത്. പിണറായി വിജയൻ കാറിൽ നിന്നിറങ്ങേണ്ട താമസം പ്രതിനിധികൾ ചുറ്റുംകൂടി. ആകെ തിക്കും തിരക്കും. പാർട്ടി കോൺഗ്രസ് പ്രതിനിധികളായി എത്തിയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളാണ് കൂടുതലും. പിണറായിക്ക് മുന്നിൽ കൈകൂപ്പിയ അവരുടെ മുഖങ്ങളിൽ സന്തോഷവും ആരാധനയും പ്രകടം. പതാക -കൊടിമര ജാഥകൾ സംഗമിച്ച ജവഹർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം രാത്രിയും കണ്ടത് സമാനദൃശ്യങ്ങൾ. അണികളും നേതാക്കളും ഒരു പോലെ പിണറായിക്ക് മുന്നിൽ വിസ്മയിച്ചു നിൽക്കുന്നതാണ് പാർട്ടി കോൺഗ്രസിലെ കാഴ്ച. ഒരുവേള പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ നിഷ്പ്രഭരാകുമ്പോൾ പാർട്ടി കോൺഗ്രസ് ഒരു 'പിണറായി മയം' ആയി മാറുകയാണ്.
പാർട്ടിയിൽ കേരളഘടകമാണ് ഇപ്പോൾ അംഗബലത്തിലും ഭരണത്തിന്‍റെ കൊഴുപ്പിലുമെല്ലാം മുന്നിൽ. കേരളപാർട്ടിയിൽ പിണറായി വിജയന് മറുവാക്കില്ല. പിണറായിയുടെ തട്ടകമായ കണ്ണൂരിൽ പാർട്ടി കോൺഗ്രസിന് വേദിയായി നിശ്ചയിക്കപ്പെട്ട സാഹചര്യവും അതുതന്നെ. ബംഗാളിലും ത്രിപുരയിലുമടക്കം തകർന്നടിഞ്ഞപ്പോൾ തുടർഭരണം നേടിയതിന്‍റെ താരത്തിളക്കത്തിൽ പാർട്ടിയുടെ പ്രതീക്ഷയായിനിൽക്കുന്ന പിണറായി വിജയന് ലഭിക്കുന്ന പ്രാമുഖ്യം തീർത്തും സ്വാഭാവികം. എവിടെ നോക്കിയാലും പിണറായിയുടെ ഫ്ലക്സ് ബോർഡുകളാണ്. സമ്മേളനവേദിയിൽ പതിവിൽനിന്ന് വ്യത്യസ്തമായി പുഞ്ചിരിതൂകുന്ന പിണറായി വിജയനെയാണ് കാണാനാവുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.