തന്റെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് പിണറായി വീണ്ടും തെളിയിച്ചു; ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും പിരിച്ചുവിടണം -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തിയ പിണറായി സർക്കാറിന്റെ നടപടി വഞ്ചനയാണെന്നും കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇടതുസർക്കാർ കേരളത്തിലെ യുവജനങ്ങളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരിക്കലും പെൻഷൻ പ്രായം ഉയർത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്ന പിണറായി വിജയൻ ഒരിക്കൽ കൂടി തന്റെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇത്രയും വലിയ യുവജന വിരുദ്ധതക്കെതിരെ പ്രതികരിക്കാത്ത ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുമെല്ലാം പിരിച്ചുവിടുന്നതാണ് നല്ലത്. യുവാക്കൾക്കിടയിൽ പ്രവർത്തിക്കാൻ ഇവർക്കൊന്നും ഇനി അർഹതയില്ല. ഭരിക്കുന്ന മന്ത്രിമാരുടെ പെട്ടിതാങ്ങുന്നതും ഭാര്യമാരെ പിൻവാതിലിലൂടെ ജോലിയിൽ കയറ്റുന്നതും മാത്രമാണ് ഡി.വൈ.എഫ്.ഐ നേതാക്കളുടെ രാഷ്ട്രീയ പ്രവർത്തനം. അനധികൃത നിയമനങ്ങളുടെ ഏജന്റുമാരായി മാറിയ ഇവർക്കൊക്കെ എങ്ങനെയാണ് പാവപ്പെട്ട യുവാക്കളുടെ അർഹമായ തൊഴിലിന് വേണ്ടി ശബ്ദമുയർത്താനാവുകയെന്നും സുരേന്ദ്രൻ ചോദിച്ചു. എ.ഐ.വൈ.എഫിന്റെ എതിർപ്പ് കണ്ണിൽപ്പൊടിയിടാൻ മാത്രമുള്ളതാണ്. സി.പി.ഐ മന്ത്രിമാരോടാണ് എ.ഐ.വൈ.എഫ് നേതാക്കൾ പ്രതിഷേധിക്കേണ്ടത്. അല്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ മുതലക്കണ്ണീർ ഒഴുക്കുകയല്ല വേണ്ടത്.
പി.എസ്.സിയെ നോക്കുകുത്തിയാക്കി നിയമനങ്ങളെല്ലാം കരാർ അടിസ്ഥാനത്തിലാക്കാനുള്ള പദ്ധതി നേരത്തെ തന്നെ സി.പി.എം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയത്. വരും ദിവസങ്ങളിൽ എല്ലാ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം ഉയർത്തുകയാണ് സർക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിട്ടും സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.