ഷാജഹാനോട് പിണറായി ലാവലിൻ കേസിലെ പ്രതികാരം തീർക്കുന്നുവെന്ന് അമ്മ
text_fieldsകണ്ണൂർ: വി.എസിന്‍റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാനോട് മുഖ്യമന്ത്രി പിണറായി വിജയൻ ലാവലിൻ കേസിലെ പ്രതികാരം തീർക്കുകയാണെന്ന് ഷാജഹാന്‍റെ അമ്മ എൽ.തങ്കമ്മ. ലാവ്‌ലിന്‍ കേസില്‍ സത്യം പുറത്തുകൊണ്ടുവരാനുളള ശ്രമമാണ് ഷാജഹാന്‍ നടത്തിയത്. അതുമായി ബന്ധപ്പെട്ട് കുറെനാള്‍ അവന്‍ ലാവ്‌ലിന്‍ കേസിന്‍റെ പിന്നാലെ ആയിരുന്നു. ഇതുകാരണം പിണറായി വിജയന്‍ ഷാജഹാനെതിരെ പ്രതികാരം തീര്‍ക്കുകയാണെന്നും അവർ പറഞ്ഞു.
തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയുമായി തന്‍റെ മകന് ബന്ധമില്ല. കഴിഞ്ഞദിവസം ഡി.ജി.പി ഓഫിസിന് മുമ്പില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. എല്ലാവിധ പൊതുപ്രശ്‌നങ്ങളിലും അവന്‍ ഇടപെടുന്നതാണ്. ഇപ്പോള്‍ ക്രിമിനൽ കുറ്റവാളികളുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നു എന്നാരോപിക്കുന്നതും സർക്കാറിന്‍റെ തന്ത്രമാണെന്നും തങ്കമ്മ കുറ്റപ്പെടുത്തി.
എസ്.യു.സി.ഐ നേതാവ് ഷാജര്‍ഖാന്‍, ഭാര്യ മിനി,എസ്.യു.സി.ഐ പ്രവര്‍ത്തകന്‍ ശ്രീകുമാര്‍, തോക്കുസ്വാമി എന്നു വിളിക്കപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരാണ് ഷാജഹാനൊപ്പം ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. ഭദ്രാനന്ദ തങ്ങളോട് ഒപ്പമല്ല എത്തിയതെന്ന് ജിഷ്ണുവിന്‍റെ കുടുംബം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.