രാഹുലിനെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എൽ.ഡി.എഫ് നയമല്ലെന്ന് പിണറായി
text_fieldsകാസർകോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എൽ.ഡി.എഫ് നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിനെ രാഷ്ട്രീയമായാണ് എതിർക്കുന്നതെന്നും പിണറായി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ മുൻ എം.പി ജോയ്സ് ജോർജ് നടത്തിയ അശ്ലീല പരാമർശത്തിനെതിരെ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. സാമ്പത്തിക തകര്‍ച്ചയും കോവിഡ് മഹാമാരിയും രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ജനങ്ങളുടെ ദുരിതം പരിഹരിക്കാനും ലഘൂകരിക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍, കേന്ദ്രം അതിന് തയ്യാറാകുന്നില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എസിന്‍റെ ഈ അജണ്ടയുമായാണ് ബി.ജെ.പി. സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന തകര്‍ക്കാനുള്ള നീക്കവും നടക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് എല്‍.ഡി.എഫിനെ ആക്രമിക്കാനാണ് ബി.ജെ.പിക്ക് താല്‍പര്യം. കോവിഡ് കുത്തിവെപ്പ് പൂര്‍ത്തിയായാല്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. ഈ വിഷയത്തിൽ കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
യു.പിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ പ്രസ്താവനയെ പിണറായി രൂക്ഷമായി വിമര്‍ശിച്ചു. കന്യാസ്ത്രീകളുടെ യാത്രാരേഖകള്‍ പരിശോധിച്ച് വിട്ടയക്കുക മാത്രമാണ് ചെയ്തതെന്നാണ് ഗോയല്‍ പറഞ്ഞത്. കന്യാസ്ത്രീകളെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നത് കേരള മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാറിന്‍റെയും ആരോപണം മാത്രമാണന്നും പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു.
സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണമുള്ള രാജ്യത്താണ് കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താല്‍ ആക്രമണത്തിന് ഇരയാകുന്നത്. ആ കാടത്തത്തെ സംഘപരിവാര്‍ കൊണ്ടു നടക്കുന്നു. അതിനെ ന്യായീകരിക്കാന്‍ ബി.ജെ.പിയുടെ സമൂഹ മാധ്യമ പ്രചരണത്തിന്‍റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി തന്നെ ഒരുമടിയുമില്ലാതെ രംഗത്തെത്തി കളവ് പറയുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. കന്യാസ്ത്രീകൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിക്കാന്‍ പോലും കേന്ദ്രമന്ത്രി തയാറായില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.