പിണറായി-സ്റ്റാലിൻ കൂടിക്കാഴ്ച ഇന്ന് കുമരകത്ത്; പമ്പ-അച്ചൻകോവിൽ-വൈപ്പാർ നദീസംയോജനത്തിൽ എതിർപ്പ് അറിയിക്കില്ല
text_fieldsകോട്ടയം/ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കും. വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഇരുമുഖ്യമന്ത്രിമാരും ബുധനാഴ്ച കുമരകം ലേക് റിസോർട്ടിൽ എത്തി.
കൂടിക്കാഴ്ച ബുധനാഴ്ച രാത്രി നടക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി എട്ടിനുശേഷമാണ് എത്തിയത്. തുടർന്ന് കൂടിക്കാഴ്ച വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇരുമുഖ്യമന്ത്രിമാരും ഒരുമിച്ചാകും വ്യാഴാഴ്ച പ്രഭാതഭക്ഷണം കഴിക്കുക. കൂടിക്കാഴ്ചയിൽ ഔദ്യോഗി വിഷയങ്ങൾ ചർച്ച ചെയ്യുമോ എന്ന് വ്യക്തമല്ല.
മുല്ലപ്പെരിയാർ വിഷയം കേരള മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് നേരത്തേ തമിഴ്നാട് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, തന്തൈ പെരിയാറുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനവും തമ്മിൽ നല്ല ബന്ധം പുലർത്തുന്ന ചടങ്ങിൽ പങ്കെടുക്കവെ വിവാദ വിഷയങ്ങൾ ചർച്ചയാക്കുമോയെന്ന സംശയവുമുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബുധനാഴ്ച ഉച്ചക്ക് 12.50ന് കുമരകം ലേക് റിസോർട്ടിലെത്തി.
അതേസമയം, പമ്പ-അച്ചൻകോവിൽ-വൈപ്പാർ നദീസംയോജന പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള തമിഴ്നാട് നീക്കത്തിൽ എതിർപ്പറിയിക്കാതെ മന്ത്രിസഭ യോഗം. കേരളത്തിന്റെ എതിർപ്പിൽ നേരത്തെ തള്ളിയ പദ്ധതി, 17ന് ചേരുന്ന ദേശീയ ജലവികസന ഏജൻസിയുടെ പ്രത്യേക സമിതി അജണ്ടയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിസഭയിൽ ഈ വിഷയമുയർന്നത്.
ഇക്കാര്യത്തിൽ തമിഴ്നാടുമായി ചർച്ച നടത്തുമോയെന്ന് ഒരു മന്ത്രി ചോദിച്ചു. എന്നാൽ, വിഷയം അജണ്ടയിൽ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരളവുമായി തമിഴ്നാട് നല്ല ബന്ധമാണ് പുലർത്തുന്നതെന്നും ബന്ധം മോശമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിൽ 2004 ഹെക്ടർ വനഭൂമി വെള്ളത്തിനടിയിലാകുമെന്ന് പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനം രാഷ്ട്രീയ എതിർപ്പുയർത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, മുഖ്യമന്ത്രിയുടെ മറുപടിയോടെ കേരളം രാഷ്ട്രീയ എതിർപ്പിലേക്ക് പോകില്ലെന്നാണ് സൂചന. എന്നാൽ, പദ്ധതി സംബന്ധിച്ച് ഉദ്യോഗസ്ഥതല ഇടപെടൽ നടത്തിയേക്കും. ഇക്കാര്യം മന്ത്രിസഭയിൽ വന്നതുമില്ല. പമ്പ, അച്ചൻകോവിൽ നദികളിലെ വെള്ളം രണ്ട് അണക്കെട്ടുകളും ടണലുകളും നിർമിച്ച് വൈപ്പാർ നദീതടത്തിലെത്തിക്കുന്ന പദ്ധതിക്കായി തമിഴ്നാട് ഏറെക്കാലമായി സമ്മർദം ചെലുത്തിയിരുന്നെങ്കിലും കേരളത്തിന്റെ എതിർപ്പിനെ തുടർന്നാണ് അംഗീകരിക്കാതിരുന്നത്. ഇരുനദികളിൽ നിന്നും പ്രതിവർഷം 63.4 ഘനമീറ്റർ വെള്ളം തമിഴ്നാട്ടിലെത്തിക്കുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.